PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIറിക്രൂട്ട്‌മെന്റ് തട്ടിപ്പ്: തൊഴിലന്വേഷകർക്ക് മുന്നറിയിപ്പുമായി വിപിഎസ് ഹെൽത്ത്കെയർ

റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: തൊഴിലന്വേഷകർക്ക് മുന്നറിയിപ്പുമായി വിപിഎസ് ഹെൽത്ത്കെയർ

റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: തൊഴിലന്വേഷകർക്ക് മുന്നറിയിപ്പുമായി വിപിഎസ് ഹെൽത്ത്കെയർ

അബുദാബി: മഹാമാരിക്കിടെ വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ വഞ്ചിക്കപ്പെടാതിരിക്കാൻ ആരോഗ്യപ്രവർത്തകർക്ക് മുന്നറിയിപ്പുമായി യുഎഇയിലെ പ്രമുഖ ആരോഗ്യ സേവനദാതാക്കളിലൊന്നായ വിപിഎസ് ഹെൽത്ത്കെയർ. നഴ്‌സുമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് വിപിഎസ് ഹെൽത്ത്‌കെയറിന്റെ അനുബന്ധ സ്ഥാപനമായ റെസ്പോൺസ് പ്ലസ് മെഡിക്കലിന്റെ (ആർപിഎം) പേരിൽ വ്യാജ തൊഴിൽ കരാർ നൽകിയുള്ള തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അടിയന്തര മുന്നറിയിപ്പ്. ജിസിസി രാജ്യങ്ങളിൽ ഓൺ സൈറ്റ് മെഡിക്കൽ സേവനങ്ങൾ പ്രദാനം ചെയ്യുന്ന കമ്പനിയായ ആർപിഎമ്മിന്റെ ലോഗോ ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ തൊഴിൽ കരാറുകളും വിപിഎസ്ഹെൽത്ത്കെയർ പുറത്തുവിട്ടു.

വ്യാജ ഓഫർ ലഭിച്ചത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആരോഗ്യപ്രവർത്തകർക്കാണ്. നാട്ടിൽ മൂന്നു വർഷത്തെ പ്രവർത്തിപരിചയമുള്ള ഒരു മെയിൽ നഴ്‌സും ഇതിലുൾപ്പെടും. ഗൾഫ് രാജ്യങ്ങളിൽ ജോലിക്കായാണ് ഇയാൾ ഏജന്റിനെ സമീപിച്ചത്. ജോലി ഉറപ്പു നൽകിയ ഏജന്റ് ഓൺലൈനായി അഭിമുഖവും സംഘടിപ്പിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ വാട്സ്ആപ്പിലൂടെയാണ് അയ്യായിരം ദിർഹം (ഒരു ലക്ഷത്തിലധികം രൂപ) ശമ്പളം വാഗ്ദാനം ചെയ്യുന്ന തൊഴിൽ കരാർ ലഭിച്ചത്. യുഎഇയിലുള്ള ബന്ധുമുഖേന ആർപിഎം അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് ഏജന്റുമാരുടെ കള്ളി വെളിച്ചത്താകുന്നത്.

വിപിഎസ് ഹെൽത്ത് കെയറിന്റെയോ അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയോ പ്രതിനിധികളാണെന്ന വ്യാജേന വ്യക്തികളും ഏജൻസികളും പ്രചരിപ്പിക്കുന്ന റിക്രൂട്ട്മെന്റ് പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ഗ്രൂപ്പ് അധികൃതർ ഉദ്യോഗാർത്ഥികൾക്കും പൊതുജനങ്ങൾക്കും മുന്നറിയിപ്പ് നൽകി. ജോലി ഓഫറുകൾ നൽകുന്നതിന് ഏതെങ്കിലും മൂന്നാം കക്ഷിക്ക് അനുമതി നൽകിയിട്ടില്ലെന്നും അപേക്ഷകരിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള പേയ്‌മെന്റോ ഫീസോ ഈടാക്കാറില്ലെന്നും വിപിഎസ് ഹെൽത്ത്കെയർ വ്യക്തമാക്കി.

ഏജന്റുമാരുടെ വാഗ്ദാനം വിശ്വസിച്ച് ലക്ഷക്കണക്കിന് രൂപ കമ്മീഷൻ നൽകി യുഎഇയിലെത്തിയ നൂറുകണക്കിന് നഴ്‌സുമാർ അടുത്തിടെ രാജ്യത്ത് കുടുങ്ങിയിരുന്നു. സാമ്പത്തിക പ്രതിസന്ധികൊണ്ട് വലഞ്ഞ ഇവരിൽ 110 പേർക്ക് യുഎഇയിലെ ആശുപത്രികളിൽ നിയമനം നൽകിയിരുന്നത് വിപിഎസ് ഹെൽത്ത്കെയറാണ്. കോവിഡ് മഹാമാരിയുടെ പേരിലാണ് മുതലെടുപ്പിനുള്ള ഏജന്റുമാരുടെ ശ്രമമെന്നും വിദേശത്ത് തൊഴിലവസരങ്ങൾ ഉണ്ടെന്നു കാട്ടി ഉദ്യോഗാർത്ഥികളെ സമീപിച്ച് വഞ്ചിക്കുകയാണെന്നും ആർപിഎം സിഇഒ മേജർ ടോം ലൂയിസ് പറഞ്ഞു.

ഗ്രൂപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഔദ്യോഗിക ഇമെയിൽ വിലാസത്തിൽ നിന്ന് മാത്രമേ തൊഴിൽ സംബന്ധമായ അറിയിപ്പുകൾ നല്കാറുള്ളൂവെന്നും വാട്സാപ്പിലൂടെയോ ജിമെയിൽ, റെഡിഫ്മെയിൽ, യാഹൂ മെയിൽ, ഹോട്ട്മെയിൽ തുടങ്ങിയ സൗജന്യ ഇമെയിൽ അക്കൗണ്ടുകളിൽ നിന്നോ സന്ദേശങ്ങൾ അയക്കാറില്ലെന്നും അധികൃതർ അറിയിച്ചു. തട്ടിപ്പ് നടത്തുന്ന ഏജൻസികളുമായി ബന്ധപ്പെടുകയും പ്രതികരിക്കുകയും ചെയ്യുന്നവർക്ക് ഉണ്ടാവുന്ന നഷ്ടങ്ങളുടെ ബാധ്യത ഗ്രൂപ്പ് അംഗീകരിക്കില്ല.

നേരിട്ട് നൽകാത്ത തൊഴിൽ വാഗ്ദാനങ്ങളിൽ തൊഴിലന്വേഷകർക്കുള്ള ഉത്തരവാദിത്തം ഗ്രൂപ്പ് ഏറ്റെടുക്കില്ലെന്ന് വിപിഎസ് ഹെൽത്ത് കെയർ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ സഞ്ജയ് കുമാർ പറഞ്ഞു. വിപിഎസ് സ്ഥാപനങ്ങളുടെ പേരിൽ വ്യാജ വാഗ്ദാനങ്ങൾ നൽകി ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു വരികയാണ്. ഇത്തരം വഞ്ചനാപരമായ തൊഴിൽ വാദ്ഗാനങ്ങൾ നേരിട്ട് ലഭിക്കുകയോ വിപിഎസ് ഹെൽത്ത്കെയറിന്റെ പേരിൽ റിക്രൂട്ട്മെന്റ് ഓഫറുകൾ നൽകുന്നവരെക്കുറിച്ചു വിവരം ലഭിക്കുകയോ ചെയ്യുന്നവർ പൊതുതാൽപ്പര്യാർത്ഥം മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അശ്രദ്ധമായി സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുകയോ സംശയാസ്പദമായ ഓഫർ ലഭിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, info@vpshealth.com, contactus@rpm.ae എന്നീ ഇമെയിലുകളിൽ അറിയിക്കാം.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment