ലുലു ഹൈപര്‍മാര്‍ക്കറ്റിൽ ഇന്ത്യന്‍ ഉത്സവ് മന്ത്രി പിയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു
റിയാദ്: സൗദിയിൽ ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ വിപണന മേള “ഇന്ത്യന്‍ ഉത്സവ്” കേന്ദ്ര വ്യവസായ, വാണിജ്യ, ടെക്‌റ്റൈല്‍സ് മന്ത്രി പിയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു.2023 മുതല്‍ ഇന്ത്യന്‍ ധാന്യമായ തിനയുടെ അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കുന്നതിനാല്‍ വിവിധ തരം തിനകളും ഇന്ത്യന്‍ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും പ്രൊമോട്ട് ചെയ്യുന്നതിനുള്ള പ്രത്യേക കാമ്പയിനും മന്ത്രി ഉദ്ഘാടനം ചെയ്തു.

റിയാദ് മുറബ്ബ അവ്യന്യൂ മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസുഫലി, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, എംബസ്സി ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു.പതിനായിരത്തോളം ഇന്ത്യന്‍ ഭക്ഷ്യോല്‍പന്നങ്ങളുടെ ഈ പ്രദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കിയ ഇന്ത്യ ദി ഫുഡ് ബാസ്‌കറ്റ് ഓഫ് ദ വേള്‍ഡ് എന്ന വലിയ പ്രദര്‍ശന മതിലിന്റെ ചിത്രം മന്ത്രി ട്വീറ്റ് ചെയ്യുകയും അത് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.ഇന്ത്യയുടെ പുതിയ ബ്രാന്‍ഡുകളായ വാദിലാല്‍, ലാസ, അഗ്രോ സ്‌പെഷ്യല്‍, എവറസ്റ്റ്, ഗോവിന്ദ്, ദി ഗ്രീക്ക് സ്‌നാക്ക് കമ്പനി എന്നിവയുടെ ഉല്‍പന്നങ്ങള്‍ ഇക്കുറി ഉല്‍സവത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മറ്റു ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ സൗന്ദര്യവര്‍ധക വസ്തുക്കളും പഴങ്ങളും പച്ചക്കറികളും വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമായി 7500 ഓളം ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേക പ്രമോഷനുമുണ്ട്.ഇന്ത്യയടെയും സൗദി അറേബ്യയുടെയും സാമ്പത്തിക ലക്ഷ്യങ്ങളുമായും ഉഭയകക്ഷി ഊഷ്മളതയുമായും ചേര്‍ന്നു നില്‍ക്കുന്നതാണ് ലുലുവിന്റെ വീക്ഷണവും വികസനവുമെന്ന് എം.എ യൂസുഫലി പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള വൈവിധ്യങ്ങളായ ഉത്പന്നങ്ങൾ കൂടുതലായി ഗൾഫ് രാജ്യങ്ങളിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയിലുടനീളമുള്ള ലുലുവിന്റെ ഭക്ഷ്യ സ്രോതസ്സുകളും ലോജിസ്റ്റിക് സെന്ററുകളും ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളും ലുലുവിന്റെ സ്വന്തം ലേബല്‍ ഭക്ഷ്യ ഉല്‍പന്നങ്ങളും ഇന്ത്യയുടെ സമ്പന്നമായ തുണിത്തര വ്യവസായത്തെയും ഭക്ഷ്യ വൈവിധ്യങ്ങളെയും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക്കുന്നതാണ് ഇന്ത്യന്‍ ഉല്‍സവിന്റെ പ്രത്യേകത.