ഈദ് അല്‍ ഇത്തിഹാദ് : അബുദാബി കെംഎംസിസി വാക്കത്തോണില്‍ ആയിരങ്ങള്‍ അണിനിരന്നു.
അബുദാബി : യുഎഇ ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തിന്റെ ഭാഗമായി അബുദാബി സംസ്ഥാന കെഎംസിസി സംഘടിപ്പിച്ച വാക്കത്തോണ്‍ പ്രവാസി പ്രാസ്ഥാനിക ചരിത്രത്തില്‍ പുതിയ അധ്യായം തുന്നിച്ചേര്‍ത്തു. അബുദാബി കോര്‍ണീഷില്‍ നടന്ന വാക്കത്തോണില്‍ പ്രായഭേദമന്യെ ആയിരങ്ങളാണ് അണിനിരന്നത്. കമ്മ്യൂണിറ്റി പൊലീസ് ഫസ്റ്റ് വാറണ്ട് ഓഫീസര്‍ ആയിഷ ഷെഹി കെഎംസിസി ഭാരവാഹികളായ അഷറഫ് പൊന്നാനി,സിഎച്ച് യൂസുഫ് എന്നിവര്‍ക്ക് യുഎഇ ദേശീയ പതാക കൈമാറി ഫ്‌ളാഗ് ഓഫ് ചെയ്തു.പിറന്ന നാടിനെപ്പോലെ പോറ്റമ്മ നാടിനെയും അതിരറ്റ് സ്‌നേഹിക്കുന്ന പ്രവാസി സമൂഹം യുഎഇയുടെ ഓരോ ആഘോഷങ്ങളും നെഞ്ചേറ്റുന്നവരാണ്. അതുകൊണ്ടുതന്നെ കെഎംസിസി പ്രവര്‍ത്തകര്‍ ഏറെ ആഹ്ലാദത്തോടെയാണ് കോര്‍ണീഷിലെ നീളമേറിയ വാക്കത്തോണില്‍ അണിനിരന്നത്. മുന്‍നിരയില്‍ പ്രധാന ബാനറുമായി സംസ്ഥാന കെഎംസിസി ഭാരവാഹികളും നേതാക്കളും അണിനിരന്നു. തൊട്ടുപിറകിലായി അബുദാബി ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്റര്‍ ബാനറുമായി സെന്റര്‍ ഭാരവാഹിളും നടന്നനീങ്ങി. തുടര്‍ന്ന് വിവിധ ജില്ലാ കമ്മിറ്റികളുടെ ബാനറുകള്‍ക്കു കീഴില്‍ അതത് ജില്ലയിലെ കെഎംസിസി നേതാക്കളും പ്രവര്‍ത്തരും അണിനിരന്നു.പോറ്റമ്മ നാടിനോടും ഭരണാധികാരികളോടും നന്ദിയും ഈദ് അല്‍ ഇത്തിഹാദിന് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള ഈരടികളുമായി കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും അച്ചടക്കത്തോടെ ചുവടുവച്ചു. വാക്കത്തോണ്‍ കാണാനും ആശംസകളറിയിക്കാനും കോര്‍ണീഷ് നടപ്പാതയുടെ ഇരുവശങ്ങളിലും വിവിധ രാജ്യക്കാരായ ആയിരങ്ങളാണ് കാത്തുനിന്നത്. ചതുര്‍വര്‍ണ ദേശീയ പതാകയേന്തിയ പ്രവര്‍ത്തകര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ തൊട്ടപ്പുറത്തെ കുഞ്ഞോളങ്ങളുടെ നിഷ്‌കളങ്കതയോടെ ഇമാറാത്തിനോടുള്ള അടങ്ങാത്ത അഭിനിവേശവുമായി കിലോമീറ്ററുകളോളം നടന്നുനീങ്ങിയപ്പോള്‍ പാതയോരങ്ങളില്‍ കാത്തുനിന്ന സ്വദേശികളും വിദേശികളുമടങ്ങുന്ന ആബാലവൃദ്ധം ജനങ്ങള്‍ കെഎംസിസി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ കൈവീശി അഭിവാദ്യമര്‍പ്പിച്ചു. ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തോടനുബന്ധിച്ചു കോര്‍ണീഷില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് പേരുടെ മൊബൈല്‍ കാമറകള്‍ കെഎംസിസി വാകത്തോണ്‍ ഒപ്പിയെടുത്തു.
ആവേശം നിറഞ്ഞുതുളുമ്പിയ അന്തരീക്ഷത്തില്‍ നിരവധി വിദേശികളും പലപ്പോഴും കെഎംസിസി പ്രവര്‍ത്തകരോടൊപ്പം വാക്കത്തോണില്‍ നടന്നുനീങ്ങുന്നത് കാണാമായിരുന്നു. യുഎഇയുടെ പുരോഗതിയില്‍ അതിരറ്റ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടാണ് ജനസാഗരം പങ്കാളിക ളായത്. ആഹ്ലാദപ്രകടനത്തിനിടയിലും ഭരണാധികാരികളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി കെഎംസിസി പ്രവര്‍ത്തകര്‍ മനസുനിറയെ പ്രാര്‍ത്ഥിച്ചു. ആറര പതിറ്റാണ്ടുമുമ്പ് തൊഴിലന്വേഷിച്ചു എത്തിയ പ്രവാസികളോട് ഭരണകൂടം കാട്ടിയ കരുണയും ദയാവായ്പും ഇന്ത്യാ മഹാരാജ്യത്തിന്റെ,വിശിഷ്യാ കേരളത്തി ന്റെ ജീവിത രീതി മാറ്റിമറിക്കുകയും സാമ്പത്തിക മുന്നേറ്റത്തിന് വഴിയൊരുക്കുകയും ചെയ്തതായി കെഎംസിസി നേതാക്കള്‍ വ്യക്തമാക്കി. ആറര പതിറ്റാണ്ടുമുമ്പ് ആരംഭിച്ച പ്രവാസം പുതിയ തലമുറകളിലേക്ക് പൂര്‍വീകര്‍ കൈമാറിയപ്പോള്‍ ഈ നാട് നല്‍കിയ സ്‌നേഹവും പരസ്പര ബഹുമാനവും വിസ്മരിക്കാനാവാ ത്ത അനുഭവമായി. അതുകൊണ്ടുതന്നെ ഈ നാടിന്റെ ആഘോഷവും പ്രവാസികള്‍ക്ക് വിലമതിക്കാനാവാത്തതാണെന്നും നേതാക്കള്‍ വ്യക്തമാക്കി.
സംസ്ഥാന കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അഷ്‌റഫ് പൊന്നാനി,ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ്,യു.അബ്ദുല്ല ഫാറൂഖി,എംപിഎം റഷീദ്,ഭാരവാഹികളായ ഹംസ നടുവില്‍,റഷീദ് പട്ടാമ്പി,അബ്ദുല്‍ ബാസിത് കായക്കണ്ടി,അനീസ് മങ്ങാട്,കോയ തിരുവത്ര,ഷറഫുദ്ദീന്‍ കുപ്പം,ഇ.ടി മുഹമ്മദ് സുനീര്‍,ഷാനവാസ് പുളിക്കല്‍,അബ്ദുല്‍ഖാദര്‍ ഒളവട്ടൂര്‍,അന്‍വര്‍ ചുള്ളിമുണ്ട,ഹംസഹാജി പാറയില്‍,മൊയ്തുട്ടി വെളേറി,സാബിര്‍ മാട്ടൂല്‍,നിസാമുദ്ദീന്‍ പനവൂര്‍,ഹനീഫ പടിഞ്ഞാറമൂല എന്നിവർ നേതൃത്വം നല്‍കി.