രണ്ടുമാസത്തിനകം 20 ലക്ഷം കോവിഡ് പരിശോധന നടത്താൻ പദ്ധതി തയ്യാറാക്കി യു.എ.ഇ ആരോഗ്യമന്ത്രാലയം.
സർക്കാർജീവനക്കാർക്കുപുറമേ ഹോട്ടൽ, മാൾ ജീവനക്കാർ, ടാക്സിഡ്രൈവർമാർ എന്നിവർക്കിടയിലും വ്യാപകപരിശോധന നടത്തും. സമൂഹം കോവിഡ് മുക്തമായി ആരോഗ്യത്തോടെയിരിക്കുക എന്നതാണ് ലക്ഷ്യം. കോവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടെങ്കിൽ അവർക്കാവശ്യമായ ചികിത്സ നൽകും. മുൻപത്തെ രണ്ടാഴ്ചയിൽനിന്ന് വ്യത്യസ്തമായി കഴിഞ്ഞ വാരാന്ത്യത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ചെറിയ വർധനയുണ്ടായി. ഈവർധന ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രതിരോധനടപടികളും മാർഗനിർദേശങ്ങളും പാലിക്കാത്ത ചിലരുടെ അശ്രദ്ധയാണ് കഴിഞ്ഞദിവസങ്ങളിലെ വർധനയ്ക്ക് കാരണം.വീടുകളിലിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും ഓഫിസുകളിൽ ജോലി ചെയ്യുമ്പോഴും മാർഗനിർദേശങ്ങൾ പാലിക്കണം.
കോവിഡിനെതിരേ ഇതുവരെ നടത്തിവന്ന കൂട്ടായ പരിശ്രമങ്ങൾവഴി രാജ്യം കോവിഡ് മുക്തമാകേണ്ടതാണ്. എന്നാൽ മാർഗനിർദേശം ലംഘിക്കുന്നവർ സ്വന്തം ആരോഗ്യം മാത്രമല്ല, സമൂഹത്തിന്റെ ആരോഗ്യത്തെക്കൂടി അപകടത്തിലാക്കുകയാണ്. തുടർച്ചയായി കോവിഡ് നിയമലംഘനം നടത്തുന്നവർക്കെതിരേ നിയമനടപടിയും കടുത്ത പിഴയും സ്വീകരിക്കും.രോഗവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. വാർത്തയുടെ ഔദ്യോഗിക ഉറവിടങ്ങൾ പരിശോധിച്ചശേഷമേ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രചരിപ്പിക്കാവൂ. ആരോഗ്യ അധികാരികൾ നൽകുന്ന എല്ലാ നിർദേശങ്ങളും പൂർണമായും പാലിക്കണമെന്നും ഡോ. അംന അൽ ശംസി അഭ്യർഥിച്ചു.