‘പേരന്റിംഗ്; ഭയം വേണ്ട, ജാഗ്രത മതി’; ശക്തി ഷാബിയ മേഖല സെമിനാർ സംഘടിപ്പിച്ചു.
അബുദാബി : ശക്തി തീയേറ്റേഴ്സ് അബുദാബി, ഷാബിയ മേഖലയുടെ ആഭിമുഖ്യത്തിൽ ‘പേരന്റിംഗ്; ഭയം വേണ്ട, ജാഗ്രത മതി’ എന്ന വിഷയത്തെ അധികരിച്ചുകൊണ്ട് ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ. വി. ഷഫീർ സെമിനാറിന് നേതൃത്വം നൽകി. മുസ്സഫ അഹല്യ ഹോസ്പിറ്റലിൽ വെച്ചു സംഘടിപ്പിച്ച പ്രസ്തുത സെമിനാറിൽ വെച്ച് ശക്തി അംഗങ്ങൾക്കു അഹല്യ ഗ്രൂപ്പിന്റെ വിവിധ ഹോസ്പിറ്റലുകളിലും വെൽനെസ്സ് സെന്ററുകളിലും ഇളവുകളും ആനുകൂല്യങ്ങളും ലഭ്യമാകുന്ന ‘പ്രവിലേജ് കാർഡ്’, ‘വെൽനെസ്സ് കാർഡ്’എന്നിവയുടെ വിതരണോദ്ഘാടനവും നടന്നു.
പ്രവിലേജ് കാർഡിന്റെ വിതരണോദ്ഘാടനം അഹല്യ സീനിയർ ഓപ്പറേഷൻ മാനേജരും മലയാളമിഷൻ ചെയർമാനുമായ സൂരജ് പ്രഭാകർ ശക്തി കേന്ദ്ര എക്സിക്യൂട്ടീവ് അംഗം സുമ വിപിന് നൽകിയും, വെൽനസ് കാർഡിന്റെ വിതരണോദ്ഘാടനം അഹല്യ ഗ്രൂപ്പ് ഓഫ് ഫാർമസി അസി. മാനേജർ രൂപേഷ് ശക്തി തിയറ്റേഴ്‌സ് മുൻ ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിക്ക് നൽകിയും നിർവഹിച്ചു. ഷാബിയ മേഖല മെമ്പർഷിപ്പ് സെക്രട്ടറി ജ്യോതിഷ് കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അജിൻ പൊത്തേരയ്ക്ക് നൽകിക്കൊണ്ട് ശക്തി അംഗത്വ വിതരണോദ്ഘാടനം നിർവ്വഹിച്ചു.ശക്തി ഷാബിയ മേഖല പ്രസിഡന്റ് മുഹമ്മദ് ജുനൈദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മലയാളമിഷൻ ചെയർമാൻ സൂരജ് പ്രഭാകർ ആരോഗ്യ സെമിനാർ ഉദ്ഘാടനം ചെയ്തു. ശക്തി പ്രസിഡന്റ് കെ. വി. ബഷീർ, മുൻ ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, രക്ഷാധികാരി കമ്മിറ്റി അംഗം ബിജിത്കുമാർ, കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി കെ. സത്യൻ, അഹല്യ ഗ്രൂപ്പ് ഓഫ് ഫാർമസി അസി. മാനേജർ രൂപേഷ്, ശക്തി കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അജിൻ പൊത്തേര എന്നിവർ സംസാരിച്ചു. ശക്തി ഷാബിയാ മേഖല സെക്രട്ടറി അച്യുത് വേണുഗോപാൽ സ്വാഗതവും മേഖല ട്രഷറർ ഷാജി നന്ദിയും പറഞ്ഞു.