വിന്നർ കരാട്ടെ ക്ലബ് ”ഇന്‍റർനാഷണൽ കരാട്ടെ ചാംപ്യൻഷിപ്പ്” 17ന് അബുദാബി അല്‍ജസീറ ക്ലബ്ബില്‍
അബുദാബി: യുഎഇ കരാട്ടെ ഫെഡറേഷന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്‍റർനാഷണൽ കരാട്ടെ ചാംപ്യൻഷിപ്പ് നവംബർ 17 ന് അബുദാബി അല്‍ജസീറ ക്ലബ്ബില്‍ നടക്കും. ഇന്ത്യ, ഇറാൻ, ഒമാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നും യു.എ.ഇ യിലെ വിവിധ എമിറേറ്റുകളിലെ കരാട്ടെ ക്ലബ്ബുകളിൽനിന്നും അടക്കം മൊത്തം 600 ലേറെ പേർ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കും. അബുദാബി വിന്നർ കരാട്ടെ ക്ലബ് ആണ് സംഘാടകർ. 5 മുതല്‍ 56 വരെ പ്രായമുള്ളവര്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 10 വരെ റജിസ്ട്രേഷൻ സ്വീകരിക്കും. കത്ത, കുമിത്തേ എന്നീ ഇനങ്ങളിൽ പ്രായവും ഭാരവും അനുസരിച്ച് വ്യത്യസ്ത വിഭാഗങ്ങളിലാണ് മത്സരം. ഇത്തവണ ഓപൺ കുമിത്തേ വിഭാഗത്തിൽ ക്യാഷ് പ്രൈസ് മത്സരവും ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎഇ കരാട്ടെ ഫെഡറേഷന്റെ അംഗീകാരമുള്ള ഔദ്യോഗിക റഫറിമാരായിരിക്കും മത്സരം നിയന്ത്രിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 0502442313 നമ്പറിലോ winnercupabudhabi@gmail.com ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടണം. കാണികൾക്ക് പ്രവേശനം സൗജന്യം. മത്സരം തത്സമയം യുട്യൂബിലും മറ്റു സമൂഹമാധ്യമ പേജുകളിലും സംപ്രേഷണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ വിന്നർ കരാട്ടെ ക്ലബ് എംഡിയും സംഘാടക സമിതി ചെയർമാനുമായ ഷിഹാൻ എം.എ.ഹക്കീം, കൺവീനർ ഷിഹാൻ അരുണ്‍ കൃഷ്ണന്‍, റജിസ്ട്രേഷൻ കോ ഓർഡിനേറ്റർ സെൻസായ് നെമീർ, സംഘാടക സമിതി ഭാരവാഹികളായ ഷിഹാൻ ഷൌക്കത്ത് വള്ളിയത്ത്, സെൻസായ് ഗോപകുമാർ, സെൻസായ് അരുൺ, സെൻസായ് യധുകൃഷ്ണൻ എന്നിവർ പങ്കെടുത്തു.