വൈ ടവർ റസിഡൻഷ്യൽ മാനേജ്മെന്റ് സംഘടിപ്പിച്ച മൂന്നാമത് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ആവേശ സമാപനം.
അബുദാബി : അന്താരാഷ്ട്ര താരങ്ങൾ ഉൾപ്പടെ ഭാഗമായ മൂന്നാമത് വൈ ടവർ മെൻസ് അബുദാബി എലൈറ്റ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ആവേശോജ്വലമായ സമാപനം. 16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ഇരട്ടസഹോദരങ്ങളായ ദേവ് അയ്യപ്പനും ധിരേൻ അയ്യപ്പനും വിജയികളായി. അബുദാബി അൽ റീം ഐലൻഡിലെ വൈ ടവർ സ്പോർട്ട്സ് കോംപ്ലെക്സിലായിരുന്നു മത്സരം. ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ബാഡ്മിന്റൺ പ്രേമികൾ ടൂർണമെന്റിൽ ഭാഗമായി. മുഹമ്മദ് മുനവർ – ഹംസ മർവാൻ ടീം ദേവ് അയ്യപ്പൻ – ധിരേൻ അയ്യപ്പൻ ടീമിനോട് കടുത്ത പോരാട്ടമാണ് ഫൈനലിൽ നടത്തിയത്. അവസാന റൗണ്ട് വരെ ആവേശം നീണ്ടുനിന്നു. വിജയികൾക്കുള്ള പതിനായിരം ദിർഹത്തിന്റെ ക്യാഷ് പ്രൈസ് ദേവ് അയ്യപ്പൻ – ധിരേൻ അയ്യപ്പൻ ടീമിന് ലുലു ഇന്റർനാഷ്ണൽ ഹോൾഡിങ്ങ്സ് ഡയറക്ടർ ബദറുദ്ധീൻ, ഇന്തോനേഷ്യൻ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ സെന്റർ ഡയറക്ടർ നോവ എന്നിവർ ചേർന്ന് സമ്മാനിച്ചു.
ബാഡ്മിന്റൺ ആരാധകർക്ക് മികച്ച വേദിയാണ് എലൈറ്റ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് സമ്മാനിച്ചതെന്നും പുതിയ പ്രതിഭകൾക്ക് വലിയ പിന്തുണയാണ് ലഭിച്ചതെന്നും ലുലു ഇന്റർനാഷ്ണൽ ഹോൾഡിങ്ങ്സ് ഡയറക്ടർ ബദറുദ്ധീൻ പറഞ്ഞു. ഇത്തരത്തിലുള്ള മികച്ച ചാമ്പ്യൻഷിപ്പുകൾ തുടർന്നും സംഘടിപ്പിക്കുമെന്നും ഒത്തുചേരലിന്റെ കൂടി സന്ദേശമാണ് മത്സരങ്ങൾ പങ്കുവയ്ക്കുന്നതെന്നും അദേഹം കൂട്ടിചേർത്തു. രണ്ട്, മൂന്ന്, നാല് സ്ഥാനകാർക്കുമുള്ള ക്യാഷ് പ്രൈസും സമ്മാനിച്ചു. പരിശീലകർ, വോളണ്ടിയർമാർ, സ്‌പോൺസർമാർ എന്നിവർക്ക് വൈ ടവർ മാനേജ്മെന്റ് പ്രത്യേകം നന്ദി അറിയിച്ചു. വൈ ടവർ എലൈറ്റ് ബാഡ്മിന്റൺ നാലാം സീസൺ ജനുവരി 2026 ന് നടത്തുമെന്ന് സംഘാടകർ അറിയിച്ചു.