അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ സാഹിത്യ വിഭാഗത്തിൻ്റെ കീഴിൽ ലിറ്റററി ക്ലബ്ബ് രൂപീകരിച്ചു.
അബുദാബി : അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ സാഹിത്യ വിഭാഗത്തിൻ്റെ കീഴിൽ ലിറ്റററി ക്ലബ്ബ് രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. സാഹിത്യാഭിരുചിയുള്ള സെൻറർ അംഗങ്ങൾക്കും അനുഭാവികൾക്കും തങ്ങളുടെ കഴിവുകളെ പരിപോഷിപ്പിക്കാനും കൂടുതൽ ഇടപെടലുകൾ നടത്താനും വേദിയൊരുക്കുകയും സെൻ്ററിൻ്റെ സാഹിത്യ വിഭാഗം നടപ്പിലാക്കുന്ന പദ്ധതികളുടെയും പരിപാടികളുടെയും വിജയകരമായ നടത്തിപ്പിന് പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലിറ്റററി ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്.ഇത് സംബന്ധിച്ചു ചേർന്ന യോഗത്തിൽ സെൻ്റർ ജനറൽ സെക്രട്ടരി അഡ്വ: കെ.വി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഇസ്ലാമിക് സെൻറർ മുൻ ജനറൽ സെക്രട്ടരിയും കെ.എം.സി.സി. നേതാവുമായ എം. പി. എം. റഷീദ് ഉദ്ഘാടനം ചെയ്തു. പ്രമുഖ ഗ്രന്ഥകാരനും വിവർത്തകനുമായ മുഹമ്മദ് നാഫിഹ് വാഫി മുഖ്യ പ്രഭാഷണം നടത്തി. അബുദാബി കെ.എം.സി.സി. ആക്ടിംഗ് ജനറൽ സെക്രട്ടറി ഷാനവാസ് പുളിക്കൽ ആശംസകൾ നേർന്നു സംസാരിച്ചു .
പരിപാടിയിൽ എഴുത്തുകാരനും ചരിത്രകാരനുമായ ജുബൈർ വെള്ളാടത്ത് രചിച്ച ‘എന്റെ ആനക്കര, നാൾവഴികളും നാട്ടു വഴികളും’ എന്ന പുസ്തകം ഇസ്ലാമിക് സെന്റർ ലൈബ്രറിയിലേക്ക് സമ്മാനിച്ചു.
ഇസ്ലാമിക് സെൻ്റർ സാഹിത്യ വിഭാഗം സെക്രട്ടരി യു.കെ. മുഹമ്മദ് കുഞ്ഞി ചെയർമാനും, ജുബൈർ വെള്ളാടത്ത് ജനറൽ കൺവീനറും, മുഹമ്മദലി മാങ്കടവ്, നൗഫൽ പേരാമ്പ്ര എന്നിവർ കൺവീനർമാരായും ലിറ്റററി ക്ലബ്ബിന് രൂപം നൽകി. ഐ.ഐ.സി. ബുക്ക് ഫെസ്റ്റ്, അരനൂറ്റാണ്ട് പിന്നിടുന്ന സെൻ്ററിൻ്റെ ഗതകാല ചരിത്രമുൾക്കൊള്ളുന്ന സമഗ്രമായ ചരിത്ര ഗ്രന്ഥം തുടങ്ങി സാഹിത്യ വിഭാഗം ഒരു വർഷം നടത്താനുദ്ദേശിക്കുന്ന പദ്ധതികൾ യോഗത്തിൽ സെക്രട്ടരി വിശദീകരിച്ചു.
ഇസ്ലാമിക് സെൻറർ സാഹിത്യ വിഭാഗം സെക്രട്ടരി യു.കെ. മുഹമ്മദ് കുഞ്ഞി സ്വാഗതവും, കൾച്ചറൽ സെക്രട്ടരി സ്വാലിഹ് വാഫി നന്ദിയും പറഞ്ഞു.