എച്ച്.ഐ.വി പരിശോധന നടത്തിയവർ 13.54 ലക്ഷം; 1046 പേർ പോസിറ്റിവ്
കൊച്ചി: സംസ്ഥാനത്ത് ഈ വർഷം 1046 പേർ എച്ച്.ഐ.വി പോസിറ്റിവാണെന്ന് കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്. ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം 1354875 പേരാണ് പരിശോധന നടത്തിയത്. 648142 പുരുഷന്മാരും 701979 സ്ത്രീകളും 4753 ട്രാൻസ്ജെൻഡേഴ്സുമാണ് പരിശോധനക്ക് വിധേയരായത്. ഇതിൽ 797 പുരുഷന്മാരും 240 സ്ത്രീകളും ഒമ്പത് ട്രാൻസ്ജെൻഡറുകളും പോസിറ്റിവായി.
എച്ച്.ഐ.വി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് അധികൃതർ വ്യക്തമാക്കി. പ്രായപൂർത്തിയായവരിലെ എച്ച്.ഐ.വി സാന്ദ്രത ദേശീയ തലത്തിൽ 0.22 ആണെങ്കിൽ അത് കേരളത്തിൽ 0.06 ആണ്.
2025ഓടെ പുതിയ എച്ച്.ഐ.വി അണുബാധയില്ലാതാക്കാനുള്ള യജ്ഞം ‘ഒന്നായ് പൂജ്യത്തിലേക്ക്’ എന്ന പേരിൽ ആരംഭിച്ചിട്ടുണ്ട്. 95:95:95 എന്ന ലക്ഷ്യമാണ് കൈവരിക്കാൻ ഉദ്ദേശിക്കുന്നത്. പോസിറ്റിവായ 95 ശതമാനം ആളുകളും അവരുടെ എച്ച്.ഐ.വി അവസ്ഥ തിരിച്ചറിയുകയെന്നതാണ് ഇതിൽ ആദ്യത്തേത്.