നിപ ബാധിതയുടെ ബന്ധുവിന് പനി; വീടിനു സമീപം വവ്വാൽ കൂട്ടത്തെ കണ്ടെത്തി
പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിന് പനി. പത്തുവയസ്സുള്ള കുട്ടിക്ക് ആണ് പനി ബാധിച്ചത്. കുട്ടിെയ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകൽ സ്വദേശിയായ മുപ്പത്തിയെട്ടുകാരിയുടെ വീടിനു സമീപം വവ്വാൽ കൂട്ടത്തെ കണ്ടെത്തി. സമീപത്തെ മരങ്ങളിലാണ് നൂറുകണക്കിന് വവ്വാലുകളെ കണ്ടെത്തിയത്. യുവതിക്കു രോഗം ബാധിച്ചത് എങ്ങനെയെന്ന് ആരോഗ്യപ്രവർത്തകർ പരിശോധിച്ചു വരികയാണ്
മലപ്പുറം മങ്കട മക്കരപറമ്പിൽ 18 വയസ്സുകാരിയുടെ മരണം നിപാ ബാധയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചതോടെ മക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമപഞ്ചായത്തുകളിലെ 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. മലപ്പുറത്ത് 211 പേരും കോഴിക്കോട് 43 ആരോഗ്യ പ്രവർത്തകരുമാണ് സമ്പർക്കപ്പട്ടികയിലുളളത്.
മക്കരപറമ്പ് പഞ്ചായത്തിലെ ഒന്ന് മുതൽ 13 വരെയുളള വാർഡുകളും കൂട്ടിലങ്ങാടി പഞ്ചായത്തിലെ 11, 15 വാർഡുകളും മങ്കടയിലെ 14-ാം വാർഡും കുറുവ പഞ്ചായത്ത് പരിധിയിലെ 2, 3, 5, 6 വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്