അക്ഷരനഗരിക്ക് ക്രിസ്തുമസ് സമ്മാനമായി കോട്ടയത്ത് ലുലു മാൾ തുറന്നു
തിരുവനന്തപുരം: കോട്ടയം മണിപ്പുഴയിൽ പുതിയ ലുലു മാൾ തുറന്നു. 350 കോടി രൂപയുടെ നിക്ഷേപത്തിൽ 3.22 ലക്ഷം സ്ക്വയർ ഫീറ്റിലാണ് കോട്ടയം ലുലു ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം കൊച്ചി ലുലു മാളുകളുടെ മിനി പതിപ്പാണ് കോട്ടയതേത്. മധ്യകേരളത്തിനുള്ള ക്രിസ്തുമസ് പുതുവർഷ സമ്മാനമെന്നാണ് പുതിയ ലുലുവിനെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വിശേഷിപ്പിച്ചത്. ചടങ്ങ് മന്ത്രി വി.എൻ വാസവൻ മാൾ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ മാമ്മൻ മാത്യു റിബ്ബൺ മുറിച്ച് ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ജോസ് കെ മാണി എംപി, ഫ്രാൻസിസ് ജോർജ് എംപി, ഹാരിസ് ബീരാൻ എംപി, കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, മുൻകേന്ദ്രസഹമന്ത്രി വി മുരളീധരൻ, മൂലവട്ടം വാർഡ് കൗൺസിലർ ഷീന ബിനു, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, സന്തോഷ് ജോർജ് കുളങ്ങര എന്നിവർ വിശിഷ്ഠാതിഥികളായി.
കൂടുതൽ തൊഴിലവസരവും പ്രാദേശികമായ വികസനവുമാണ് നാടിന് ആവശ്യമെന്നും. കോട്ടയം ലുലുവിലൂടെ രണ്ടായിരം പേർക്ക് പുതുതായി തൊഴിൽ ലഭിക്കുമെന്നും എം.എ യൂസഫലി വ്യക്തമാക്കി. 1.4 ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മിനി മാളിലെ ഹൈലൈറ്റ്. ഗ്രോസറി മുതൽ ഫാഷൻ തുണിത്തരങ്ങൾ തുടങ്ങി ഇലക്ട്രോണിക്സ് ഹോം അപ്ലെയൻസുകൾ വരെ എല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ലുലു ഹൈപ്പർമാർക്കറ്റ്. ഇതിന് പുറമേ ഫുഡ് കോർട്ട്, ഇൻഡോർ ഗെംയിമിങ് സോൺ, മികച്ച പാർക്കിങ്ങ്, ബ്രാൻഡഡ് ഷോറൂമുകൾ എന്നിവ ലുലുവിനെ മധ്യകേരളത്തിന്റെ പ്രധാന ഷോപ്പിങ്ങ് കേന്ദ്രമാക്കും. യുഎസ്, യൂറോപ്പ്, ഫാർ ഈസ്റ്റ്, ഓസ്ട്രേലിയ, ആഫ്രിക്ക തുടങ്ങിയ വിവിധയിടങ്ങളിലെ വൈവിധ്യമാർന്ന ദൈനംദിന ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ലുലു ഹൈപ്പർമാർക്കറ്റിൽ സജ്ജമാക്കിയിരിക്കുന്നത്. പഴം പച്ചക്കറി പാൽ ഉത്പന്നങ്ങൾ, ഫാം ഫ്രഷ് പ്രൊഡക്ടുകൾ, മത്സ്യം ഇറച്ചി എന്നിവയുടെ പ്രത്യേക കൗണ്ടറുകൾ, വിപുലമായ ഗ്രോസറി സെക്ഷൻ എന്നിവയും ഒരുക്കിയിട്ടുണ്ട്. വീട്ടുപകരണങ്ങളുടെയും ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെയും വിപുലമായ ശ്രേണിയാണ് ലുലു കണക്ടിൽ ഒരുക്കിയിട്ടുള്ളത്. 500 പേർക്ക് ഒരേസമയം ഇരിക്കാവുന്ന ഫുഡ്കോർട്ടും മിനി മാളിലുണ്ട്. ആയിരം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാകുന്ന മൾട്ടിലെവൽ കാർപാർക്കിങ്ങ് സൗകര്യത്തോടെയാണ് മധ്യകേരളത്തിന്റെ ഷോപ്പിങ്ങ് കേന്ദ്രമാകാൻ ലുലു തയാറായിരിക്കുന്നത്. കേരളത്തിന്റെ വികസനത്തിൽ എം.എ യൂസഫലി വഹിക്കുന്ന പങ്ക് നിർണായകമാണെന്നും, കോട്ടയം ലുലു മധ്യകേരളത്തിന്റെ ഗ്ലോബൽ ഷോപ്പിങ്ങ് ഹബ്ബായി മാറുമെന്നും മന്ത്രി വി.എൻ വാസവൻ ചൂണ്ടികാട്ടി. കോട്ടയം സ്വദേശികളും ഇനി ലോകോത്തര ശ്രംഖലയുടെ ഭാഗമാണെന്നും നഗരത്തിൻറെ വികസനത്തിന് വേഗതകൂട്ടുന്നതാണ് ലുലുവിൻറെ ചുവടുവയ്പ്പെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്‌ടർ അഷറഫ് അലി ചടങ്ങി സ്വാഗതം പറഞ്ഞു. ലുലു ഇന്ത്യ സിഇഒ ആൻഡ് ഡയറക്ടർ നിഷാദ് എം.എ നന്ദി പ്രകാശിപ്പിച്ചു. ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഡയറക്ടർമാരായ സലിം എം.എ, മുഹമ്മദ് അൽത്താഫ്, , ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു മാൾസ് ഇന്ത്യ ഡയറക്ടര് ഷിബു ഫിലിപ്പ്സ് എന്നിവരും ഭാഗമായി.