ടർബോ പ്രി ബുക്കിങിലൂടെ ഇതുവരെ നേടിയത് 1.64 കോടി
മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ് ആക്‌ഷൻ കോമഡി ചിത്രം ‘ടർബോ’ പ്രി ബുക്കിങിന് അതി ഗംഭീര പ്രതികരണം. നിമിഷനേരം കൊണ്ടാണ് ഓൺലൈനില്‍ സിനിമയുടെ ടിക്കറ്റുകൾ വിറ്റഴിക്കുന്നത്. 1.64 കോടിയാണ് പ്രി ബുക്കിങിലൂടെ മാത്രം ചിത്രം വാരിയത്. ചിത്രത്തിന്റെ റിലീസിനായി ഇനിയും മൂന്നു ബാക്കിയുള്ളപ്പോഴാണ് റെക്കോർഡ് വിൽപ്പന നടക്കുന്നത്. യുകെയിൽ റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ചിത്രത്തിന്റെ തേരോട്ടം. ജർമനിയിൽ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായും ടർബോ മാറിക്കഴിഞ്ഞു. കേരളത്തിൽ മുന്നൂറിലധികം തിയറ്ററുകളിൽ ടർബോ എത്തും. 2 മണിക്കൂർ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. സിനിമയുടെ ട്രെയിലർ വൻ ആവേശമാണ് ആരാധകർക്കിടയിലും പ്രേക്ഷകർക്കിടയിലും ജനിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം 2024 മെയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.