പിറന്നാൾ ദിനത്തിൽ ‘എമ്പുരാനി’ൽ ഞെട്ടിച്ച് മോഹൻലാൽ.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം എമ്പുരാന്റെ ക്യാരക്ടർ ലുക്ക് പുറത്ത്. മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പുറത്തുവന്നിരിക്കുന്നത്. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ ഇറക്കിയിരിക്കുന്നത്. തോക്ക് ധാരികളായ സെക്യൂരിറ്റി ഗാർഡ്സിന് ഒപ്പം നടന്നടുക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം. നിലവില്‍ എമ്പുരാന്‍റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കയാണ്. തിരുവനന്തപുരത്ത് നടക്കുന്ന ഷൂട്ടിങ്ങിന്‍റെ ലൊക്കേഷന്‍ വീഡിയോകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. ചിത്രം ഈ വര്‍ഷം തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് എമ്പുരാന്‍ റിലീസ് ചെയ്യുക.

അതേസമയം, മോഹന്‍ലാലിന്‍റേതായി വരാനിരിക്കുന്ന സിനിമകളില്‍ വന്‍ ഹൈപ്പും പ്രതീക്ഷയും അര്‍പ്പിക്കുന്ന സിനിമയാണ് എമ്പുരാന്‍. ലൂസിഫര്‍ എന്ന ആദ്യഭാഗം തന്നെയാണ് അതിന് കാരണവും. ആ പ്രേക്ഷക പ്രതീക്ഷകള്‍ വെറുതെ ആകില്ലെന്നാണ് വിലയിരുത്തലുകള്‍. മുരളി ഗോപിയാണ് എമ്പുരാന്‍റെ തിരക്കഥ ഒരുക്കുന്നത്. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രാഹകന്‍. ദീപക് ദേവ് ആണ് സംഗീത സംവിധാനം. ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം എമ്പുരാനില്‍ പുതിയൊരു അഭിനേതാവും എത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട് ആണിത്. ഒപ്പം സംവിധായകന്‍ പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തും. ലൂസിഫറില്‍ സയിദ് മസൂദ് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിച്ചിരുന്നു.