27 വർഷത്തിന് ശേഷം രാജ്യതലസ്ഥാനം തിരിച്ച് പിടിച്ച് ബിജെപി
ഡല്‍ഹി: ലോക്‌സഭയിലെ നിറംമങ്ങിയ വിജയത്തിന് ശേഷവും ബിജെപി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അശ്വമേധം തുടരുന്നു. ചിട്ടയായ പ്രവര്‍ത്തനവും വീടുവീടാന്തരം കയറി വോട്ടുറപ്പിക്കാന്‍ ആര്‍.എസ്.എസ്സും ശക്തമായി കളത്തിലിറങ്ങിയപ്പോള്‍ അരവിന്ദ് കെജ് രിവാളിന്റെ പരിവേഷവും എഎപിയെ രക്ഷിച്ചില്ല. 2024ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ മേധാവിത്വം വ്യക്തമാണ്. അരുണാചല്‍ പ്രദേശില്‍ ബിജെപി ഭരണം നിലനിര്‍ത്തി. ആന്ധ്രാപ്രദേശില്‍ എന്‍ഡിഎ സഖ്യകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി. ഒഡീഷയില്‍ ഏറെനാളായി അധികാരത്തിലുണ്ടായിരുന്ന ബിജു ജനതാദള്‍ സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തി. പ്രതിസന്ധികള്‍ക്കിടയിലും ഹരിയാണയില്‍ ബിജെപി അധികാരം നിലനിര്‍ത്തി. മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സര്‍ക്കാര്‍ വന്‍ വിജയം നേടി. 2024ല്‍ തിരഞ്ഞെടുപ്പ് നടന്ന സിക്കിം, ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ മാത്രമാണ് ബിജെപിക്ക് വലിയ ചലനങ്ങളുണ്ടാക്കാന്‍ സാധിക്കാതെ പോയ സംസ്ഥാനങ്ങള്‍. കാലങ്ങളായി ഡല്‍ഹി പിടിക്കുകയെന്ന സ്വപ്‌നവും ബിജെപി ഇപ്പോള്‍ നടപ്പാക്കി.
1993ലാണ് ഡല്‍ഹിയില്‍ ബിജെപി ഭരണത്തിലെത്തുന്നത്. ഇതിന് ശേഷം മൂന്ന് മുഖ്യമന്ത്രിമാരെയാണ് ഡല്‍ഹിയില്‍ ബിജെപി മാറിമാറി പരീക്ഷിച്ചത്. മദന്‍ലാല്‍ ഖുറാന, സാഹിബ് സിങ് വെര്‍മ പിന്നെ സുഷമാ സ്വരാജ്. ഭരണത്തിലെത്തി ആദ്യത്തെ മൂന്ന് വര്‍ഷത്തിനിടെ മദന്‍ലാല്‍ ഖുറാനയെ മാറ്റി സാഹിബ് സിങ് വെര്‍മയെ മുഖ്യമന്ത്രിയാക്കിയ ബിജെപി അടുത്ത രണ്ടാം വര്‍ഷം സുഷമാ സ്വരാജിനെ മുഖ്യമന്ത്രിയാക്കി. ഡല്‍ഹിയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി എന്ന ചരിത്രത്തില്‍ സുഷമാ സ്വരാജിന്റെ പേരങ്ങനെ എഴുതിച്ചേര്‍ത്തു. 1998ലായിരുന്നു സുഷമ ഡല്‍ഹി മുഖ്യമന്ത്രിയായത്. ആഭ്യന്തര കലഹത്തെ തുടര്‍ന്ന് ഡല്‍ഹി ബിജെപിയില്‍ പ്രശ്‌നങ്ങള്‍ നിലനിന്ന സമയത്താണ് സുഷമയെ പാര്‍ട്ടി ഡല്‍ഹിയുടെ മുഖ്യമന്ത്രിസ്ഥാനമേല്‍പ്പിക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍ ലോകസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തരേന്ത്യയില്‍ ഉള്ളിവില വര്‍ധിച്ചതും അത് ജനങ്ങളില്‍ പ്രതിഷേധത്തിന് കാരണമായി നില്‍ക്കുന്ന സമയം. ഒരേസമയം ആഭ്യന്തരവും അല്ലാതെയുമുള്ള പ്രതിസന്ധി സമയത്താണ് സുഷമാ സ്വരാജ് മുഖ്യമന്ത്രിയാകുന്നത്. 52 ദിവസത്തെ മുഖ്യമന്ത്രി പദവിയ്ക്ക് ശേഷം സുഷമാ സ്വരാജ് രാജിവെച്ചു. പിന്നാലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് കേന്ദ്രമന്ത്രിയാവുകയും ചെയ്തു.
1998ന് ശേഷം പിന്നീട് ഡല്‍ഹി ഭരണം ബിജെപിക്ക് കിട്ടാക്കനിയായി മാറി. 1998ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിഞ്ഞു. 49 സീറ്റില്‍ നിന്ന് 17 സീറ്റിലേക്ക് ബിജെപി യുടെ സീറ്റുനില കൂപ്പുകുത്തി. കോണ്‍ഗ്രസാകട്ടെ 14 സീറ്റില്‍ നിന്ന് 52 സീറ്റിലേക്ക് ഉയര്‍ന്ന് ഭരണം പിടിച്ചു. 1998 മുതല്‍ 2013 വരെ മൂന്ന് തവണ തുടര്‍ച്ചയായി കോണ്‍ഗ്രസ് അധികാരത്തില്‍ തുടര്‍ന്നു. ഡല്‍ഹി ബിജെപിയിലെ കുഴപ്പങ്ങളും നേതൃത്വ പ്രശ്‌നങ്ങള്‍ക്കും പുറമെ ദേശീയ രാഷ്ട്രീയത്തിലും ബിജെപി അധികാരത്തില്‍ നിന്ന് മാറിനിന്ന സമയങ്ങളായിരുന്നു പിന്നിടുണ്ടായിരുന്നത്. ഇത് ഡല്‍ഹി രാഷ്ട്രീയത്തിലും പ്രതിഫലിച്ചു.
ഡല്‍ഹിയിലെ വിജയത്തിലൂടെ രാജ്യതലസ്ഥാനത്തിലെ നിയന്ത്രണം ബിജെപിയുടെ കൈയിലേക്കെത്തുകയാണ്. ഡല്‍ഹിയിലെ വിജയത്തോടെ ഇന്ത്യയിലെ 19 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളും ബിജെപി നിയന്ത്രണത്തിലുള്ള എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായി. കോണ്‍ഗ്രസിന് ഹിമാചല്‍ പ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഭരണമുള്ളത്. ജെഎംഎം-കോണ്‍ഗ്രസ് കൂട്ടുകെട്ട് ഝാര്‍ഖണ്ഡിലും ഇന്ത്യാ സഖ്യത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളിലും ഡിഎംകെ തമിഴ്‌നാട്ടിലും എല്‍ഡിഎഫ് കേരളത്തിലും നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മുകശ്മീരിലും അധികാരത്തിലുണ്ട്. പഞ്ചാബില്‍ എഎപിയും. രാജ്യത്തെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും ഇന്ന് ബിജെപി ഭരണത്തിന്റെ കീഴിലാണ്. ഈ സാഹചര്യത്തെ പ്രതിപക്ഷം എങ്ങനെ നേരിടുമെന്നതാണ് ഇനി കണ്ടറിയേണ്ടത്. മുമ്പ് ബിജെപിയെ എതിര്‍ത്തിരുന്ന ജെഡിയു, തെലുങ്കുദേശം പാര്‍ട്ടി തുടങ്ങിയവര്‍ ഇന്നവരുമായി കൈകോര്‍ത്തു. കോണ്‍ഗ്രസാകട്ടെ അതിന്റെ ഏറ്റവും മോശം കാലത്തിലൂടെയും.ബിജെപി അതിന്റെ രാഷ്ട്രീയ വിജയങ്ങള്‍ തുടരുന്നത് പ്രതിപക്ഷത്തെ ചിന്തിപ്പിക്കേണ്ട വിഷയമാണ്. ഭരണവിരുദ്ധ വികാരമുണ്ടായിരുന്ന ഹരിയാണയിലും മധ്യപ്രദേശിലും കോണ്‍ഗ്രസിന് വിജയിക്കാനായില്ല. മറിച്ച് കോണ്‍ഗ്രസ് അധികാരത്തിലിരുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി ഭരണം പിടിക്കുകയും ചെയ്തു. നിര്‍ണായകമായ വലിയ സംസ്ഥാനങ്ങളിലെല്ലാം ഇന്ന് ബിജെപി അധികാരത്തിലാണ്. മഹാരാഷ്ട്ര ഉള്‍പ്പെടുന്ന സാമ്പത്തിക തലസ്ഥാനത്തെ വിജയം ബിജെപിയുടെ സാമ്പത്തിക അടിത്തറ കൂടുതല്‍ ശക്തമാക്കും.
അധികാരം, പണം, ഹിന്ദുത്വ തുടങ്ങിയ തീവ്രമായ ചേരുവകളാണ് ബിജെപിയുടെ കൈയിലുള്ളത്. ജാതി സമവാക്യങ്ങളെ സസൂഷ്മമായി പിരിച്ചെടുത്ത് ഭരണവിരുദ്ധ വികാരത്തെ എങ്ങനെ മറികടക്കാമെന്ന് ഹരിയാണയിലും മധ്യപ്രദേശിലും ബിജെപി തെളിയിച്ചു. ഒബിസി, ആദിവാസി മേഖലകളില്‍ നഷ്ടപ്പെട്ട സ്വാധീനം തിരികെ പിടിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞൈടുപ്പിനൊപ്പം ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് പ്രകാരം നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സംഭവിക്കുക എന്നതില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് യാതൊരു ധാരണയുമില്ല എന്നുള്ളതാണ് വാസ്തവം. സെന്‍സസ് പൂര്‍ത്തിയായാല്‍ രാജ്യത്ത് പാര്‍ലമെന്റ് സീറ്റുകളില്‍ മാറ്റം വരും. സീറ്റുകളുടെ എണ്ണം വര്‍ധിക്കും. പക്ഷെ വ്യക്തമായ പദ്ധതികള്‍ മുന്നോട്ടുവെച്ചാണ് ബിജെപി നീങ്ങുന്നത്. അതിനെ തടഞ്ഞുനിര്‍ത്താനാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.