ചരിത്രം ബാക്കിയാകുന്നു; ഡോ. എം.ജി.എസ് നാരായണനു വിടവാങ്ങി.
ഹൈസ്കൂൾ പഠനകാലത്തു കവിതയെഴുത്തും ചിത്രംവരയുമുണ്ടായിരുന്നു. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രംവര കണ്ടാണ് താൻ വരയ്ക്കുന്നതു നിർത്തിയതെന്ന് എംജിഎസ് പിൽക്കാലത്തു പറഞ്ഞിട്ടുണ്ട്. കവിതയ്ക്ക് ധാരാളം സമ്മാനം കിട്ടിയിരുന്നു. ഇടശ്ശേരിയുടെ നേതൃത്വത്തിലുള്ള ‘പൊന്നാനിക്കളരി’യിൽ എംജിഎസ് അംഗമായി. ഉറൂബ്, കടവനാട് കുട്ടിക്കൃഷ്ണൻ, അക്കിത്തം തുടങ്ങിയവരുടെ ശിക്ഷണത്തിൽ എഴുതിത്തെളിഞ്ഞു. എം.ഗോവിന്ദൻ പത്രാധിപരായ മദ്രാസ് പത്രിക എന്ന മാസികയിലാണ് ആദ്യം കവിത അച്ചടിച്ചുവന്നത്. എസ്‌എം മുറ്റായിൽ, എസ്‌എം നെടുവ എന്നീ പേരുകളിൽ കവിതകൾ അച്ചടിച്ചുവന്നിട്ടുണ്ട്. ഗുരുവായൂരപ്പൻ കോളജിൽ പഠിക്കുന്ന കാലത്ത് എൻ.വി.കൃഷ്ണവാര്യർ, എൻ.എൻ.കക്കാട്, ഉറൂബ്, തിക്കോടിയൻ, കെ.എ. കൊടുങ്ങല്ലൂർ തുടങ്ങിയവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു.
മലയാളം, ഇംഗ്ലിഷ്, തമിഴ്, സംസ്കൃതം ഭാഷകളിലും ബ്രാഹ്മി, വട്ടെഴുത്ത്, ഗ്രന്ഥ ലിപികളിലും അവഗാഹമുള്ള എംജിഎസ് ശിലാരേഖപഠനത്തിൽ പരിശീലനം നേടിയിട്ടുണ്ട്. യൂണിവേഴ്സിറ്റി ഒാഫ് ലണ്ടനിലെ സ്കൂൾ ഒാഫ് ഒാറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡിസിൽ കോമൺവെൽത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, യൂണിവേഴ്സിറ്റി ഒാഫ് മോസ്കോ, ലെനിൻഗ്രാഡിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒാറിയന്റൽ സ്റ്റഡീസ് എന്നിവടങ്ങളിൽ വിസിറ്റിങ് ഫെലോ, ടോക്കിയോ യൂണിവേഴ്സിറ്റി ഒാഫ് ഫോറിൻ സ്റ്റിഡിസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ലാംഗ്വജ്സ് ആൻഡ് കൾച്ചേഴ്സിൽ പ്രഫസർ എമരിറ്റസ്, മഹാത്മാഗാന്ധി സർവകലാശാല, മാംഗ്ലൂർ സർവകലാശാല എന്നിവിടങ്ങളിൽ വിസിറ്റിങ് പ്രഫസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജേണൽ ഓഫ് ഇന്ത്യൻ ഹിസ്റ്ററി, ഇന്ത്യൻ ഹിസ്റ്റോറിക്കൽ റിവ്യു തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയംഗമായിരുന്നു. സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്, എപ്പിഗ്രാഫിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, പ്ലേസ് നെയിം സൊസൈറ്റി ഓഫ് ഇന്ത്യ, റോക്ക് ആർട്ട് സൊസൈറ്റി ഓഫ് ഇന്ത്യ, ന്യൂമിസ്മാറ്റിക് സൊസൈറ്റി ഓഫ് സൗത്ത് ഇന്ത്യ എന്നീ സംഘടനകളിൽ പ്രവർത്തിച്ചു.ഇന്ത്യാചരിത്രപരിചയം, സാഹിത്യാപരാധങ്ങൾ, കേരളചരിത്രത്തിന്റെ അടിസ്ഥാനശിലകൾ, വഞ്ഞേരി ഗ്രന്ഥവരി, സെക്കുലർ ജാതിയും സെക്കുലർ മതവും, കോഴിക്കോടിന്റെ കഥ, ജനാധിപത്യവും കമ്യൂണിസവും, കേരളത്തിന്റെ സമകാലിക വ്യഥകൾ, ചരിത്രകാരന്റെ കേരളദർശനം, കോഴിക്കോട് – ചരിത്രത്തിൽനിന്ന് ചില ഏടുകൾ തുടങ്ങിയ പുസ്തകങ്ങളും പെരുമാൾസ് ഓഫ് കേരള, മലബാർ തുടങ്ങിയ വേഷണപ്രബന്ധങ്ങളുമാണ് പ്രധാന രചനകൾ.