ഡോ. ഷഹനയുടെ മരണം; റുവൈസിന്റെ പിതാവിനെ പ്രതി ചേർത്തു
തിരുവനന്തപുരം : യുവ ഡോക്ടർ ഷഹനയുടെ മരണത്തിൽ അറസ്റ്റ് ചെയ്ത റുവൈസിന്റെ പിതാവും പ്രതി. റുവൈസിന്റെ പിതാവിനെ മെഡിക്കൽ കോളേജ് പൊലീസ് പ്രതി ചേർത്തു. ഐപിസി 306, 34 വകുപ്പുകൾ പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റം, സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതിചേർത്തത്. സ്ത്രീധനം കൂടുതൽ വാങ്ങാൻ റുവൈസിനെ പ്രേരിപ്പിച്ചത് പിതാവാണെന്ന് ഷഹന ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു.സ്ത്രീധന പ്രശ്‌നത്തെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ പിജി വിദ്യാര്‍ഥിനി ഡോ. ഷഹാന ആത്മഹത്യ ചെയ്തത്. എല്ലാവർക്കും പണമാണ് വലുതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ ഷഹന എഴുതിയത്. ജൂനിയർ ഡോക്ടർ റുവൈസുമായി ഷഹന പ്രണയത്തിലായിരുന്നു. വിവാഹക്കാര്യം വന്നപ്പോൾ റുവൈസിന്റെ പിതാവ് സ്ത്രീധനം ആവശ്യപ്പെടുകയും റുവൈസ് പിതാവിന്റെ തീരുമാനത്തിനൊപ്പം നിൽക്കുകയും ചെയ്തതോടെ വിവാഹം മുടങ്ങി.ഇതിൽ മനംനൊന്താണ് ഷഹന ആത്മഹത്യ ചെയ്തതെന്നാണ് ഇതുവരെ ലഭിച്ച വിവരം. സംഭവത്തിൽ റുവൈസിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി റുവൈസിന്റെയും ഷഹനയുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.