മലയാളിയുടെ പേരിൽ അബുദാബിയിൽ റോഡ്
മലയാളി ഡോക്ടർ ജോർജ് മാത്യുവിന്റെ പേരിൽ അബുദാബിയിൽ റോഡ് നാമകരണം ചെയ്ത് യുഎഇ ഭരണകൂടം. 57 വർഷങ്ങളായി യുഎഇക്ക് നൽകുന്ന സേവനങ്ങൾക്കും സംഭാവനകൾക്കുമുള്ള ആദരവായാണ് ഡോ. ജോർജ് മാത്യുവിനുള്ള ഈ അപൂർവ അംഗീകാരം.
യുഎഇ രാഷ്ട്രശിൽപ്പി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പം പ്രവർത്തിച്ച് യുഎഇ ആരോഗ്യ മേഖലയിൽ നൽകിയ നിർണ്ണായക സംഭാവനകൾക്കുള്ള ആദരവാണ് അംഗീകാരം. 57 വർഷങ്ങളായി യുഎഇക്ക് നൽകുന്ന സേവനങ്ങൾക്കും സംഭാവനകൾക്കുമുള്ള ആദരവായാണ് പത്തനംതിട്ട തുമ്പമണ്ണിൽ വേരുകളുള്ള ഡോ. ജോർജ് മാത്യുവിനുള്ള ഈ അപൂർവ അംഗീകാരം. അബുദാബി അൽ മഫ്രകിലെ ഷൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിക്ക് സമീപത്തുള്ള റോഡാണ് ഇനി ജോർജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടുക. ദീഘവീക്ഷണത്തോടെ യുഎഇയ്ക്കായി പ്രവർത്തിച്ചവരെ അനുസ്‌മരിക്കാനായി പാതകൾ നാമകരണം ചെയ്യുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റിസ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പാണ് റോഡിന് ഈ പേര് നൽകിയത്. 1967ൽ 26 ആം വയസിൽ യുഎഇയിലെത്തിയത് മുതൽ തുടങ്ങിയതാണ് രാജ്യത്തിനായുള്ള ഡോ. ജോർജ് മാത്യുവിന്റെ പ്രവർത്തനങ്ങൾ. ഭരണാധികാരിയായിരുന്ന ഹിസ് ഹൈനസ് ഷെയ്ഖ് സായിദിന്റെ ആശീർവാദത്തോടെ ആദ്യ ക്ലിനിക്ക് തുടങ്ങി. മലേറിയ അടക്കമുള്ള രോഗങ്ങളെ നേരിടാൻ അദ്ദേഹത്തെ ഷെയ്ഖ് സായിദ് ഇംഗ്ലണ്ടിൽ അയച്ചു പഠിപ്പിച്ചു. ഹോസ്പിറ്റൽ മാനേജ്‌മെന്റ് ചുമതലകൾ നൽകിയപ്പോൾ വിദഗ്ധ പഠനത്തിന് ഹാർവാർഡിലേക്ക് അയച്ചു. 1972-ൽ അൽ ഐൻ റീജിയൻ്റെ മെഡിക്കൽ ഡയറക്ടർ, 2001-ൽ ഹെൽത്ത് അതോറിറ്റി കൺസൾട്ടന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചു. സമ്പൂർണ യുഎഇ പൗരത്വം, സാമൂഹ്യ സേവനത്തിനുള്ള പരമോന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് എന്നിവയിലൂടെ ഡോ. ജോർജ് മാത്യുവിന്റെ സംഭാവനകളെ രാജ്യം നേരത്തെ തന്നെ ആദരിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് അബുദാബി