കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലെ നിപ ഫലം പോസിറ്റീവ്കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലെ ഫലം പോസിറ്റീവ്
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള 14കാരന്റെ നിപ പരിശോധന ഫലം പോസിറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലെ നിപ ഫലമാണ് പോസിറ്റീവായത്. പുണെ വൈറോളജി ലാബിലെ പരിശോധന ഫലം കൂടി ലഭിച്ചാലേ നിപ സ്ഥിരീകരിക്കുകയുള്ളൂ.ഫലം രാത്രിയോടെ ലഭിക്കുമെന്നാണ് കരുതുന്നത്. പുണെ ലാബിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടനുസരിച്ചേ മറ്റ് നടപടികളിലേക്ക് കടക്കുകയുള്ളൂവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.പ്രതിരോധത്തിന്റെ ഭാഗമായി മഞ്ചേരി മെഡിക്കൽ കോളജിൽ 30 മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകുമെന്ന് വീണ ജോർജ് പറഞ്ഞു.
നിപ സംശയിക്കുന്ന സാഹചര്യത്തിൽ മലപ്പുറം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെൽ തുറന്നു. 0483-2732010 ആണ് കൺട്രോൾ റൂം നമ്പർ. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ മലപ്പുറത്ത് യോഗം ചേരുകയാണ്. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിക്കും.
ഈ കുട്ടിക്ക് നേരത്തേ ചെള്ളുപനിയും സ്ഥിരീകരിച്ചിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അയച്ച സമ്പിൾ പരിശോധനയിലാണ് ചെള്ളുപനി സ്ഥിരീകരിച്ചത്.