സീതാറാം യെച്ചൂരി അന്തരിച്ചു; വിട പറഞ്ഞത് വിപ്ലവ നക്ഷത്രം
ന്യൂഡൽഹി: അടിയുറച്ച ആദർശങ്ങൾക്കൊപ്പം വിട്ടുവീഴ്ചകളില്ലാതെ നിലകൊണ്ട വിപ്ലവസൂര്യൻ വിടവാങ്ങി. സജീവവും സവിശേഷവുമായ ഇടപെടലുകളിലൂടെ ഏറെക്കാലമായി ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ നിർണായക സാന്നിധ്യമായിരുന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. സൗമ്യതയും വിനയവും മുഖമുദ്രയാക്കി രാഷ്ട്രീയ വൃത്തങ്ങളിൽ മാതൃകയായ യെച്ചൂരിയെന്ന അതികായന്റെ ആകസ്മിക വിയോഗത്തോടെ സക്രിയമായ ഒരു അധ്യായത്തിനാണ് അവസാനമാകുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിരിക്കേയാണ് അന്ത്യം.
വരേണ്യതയുടെ ചില്ലുകൂട്ടിൽനിന്നിറങ്ങി അടിയാളർക്കും അധ്വാന വർഗത്തിനുമായി ജീവിതം സമർപ്പിച്ച സീതാറാം യെച്ചൂരിയുടേത് സംശുദ്ധമായ രാഷ്ട്രീയ ജീവിതമായിരുന്നു. അധികാരത്തിനുവേണ്ടി ഫാഷിസത്തോട് സന്ധി ചെയ്യാൻ പോലും മടിക്കാത്തവരുടെ കാലത്ത് യെച്ചൂരി ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി ശക്തമായി നിലയുറപ്പിച്ചു. അതിനായി പോരാടുകയും ശരിയുടെ പക്ഷത്ത് ഉറച്ചുനിൽക്കുകയും ചെയ്തു.
ധിഷണയും സഹാനുഭൂതിയും സംഘാടനമികവുമെല്ലാം സമഞ്ജസം മേളിച്ച പ്രതിഭാധനനായിരുന്നു സീതാറാം യെച്ചൂരി. സി.ബി.എസ്.ഇ ഒന്നാം റാങ്കുകാരന്റെ പകിട്ടുപേക്ഷിച്ച് രാഷ്ട്രീയക്കളരിയിലേക്ക് എടുത്തുചാടുമ്പോൾ സ്വന്തം നിലപാടുകൾ തന്നെയായിരുന്നു അദ്ദേഹത്തെ നയിച്ചത്.
1952 ആഗസ്റ്റ് 12നായിരുന്നു സീതാറാമിന്റെ ജനനം. തെലുങ്ക് സംസാരിക്കുന്ന ആന്ധ്ര ബ്രാഹ്മണ ദമ്പതികളായ സർവേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പാക്കത്തിന്റെയും മകനായി ചെന്നൈയിൽ (അന്ന് മദ്രാസ്) ആണ് ജനിച്ചത്. ആന്ധ്രയിലെ കാക്കിനഡയായിരുന്നു സ്വദേശം. ആന്ധ്രപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ എഞ്ചിനീയറായിരുന്നു പിതാവ്. അമ്മ സർക്കാർ സർവീസിൽ ഉദ്യോഗസ്ഥയും. ഹൈദരാബാദിലെ ഓൾ സെയിന്റ്സ് സ്കൂളിൽ പത്താം തരം വരെ പഠനം. തെലങ്കാന സമരം കൊടുമ്പിരിക്കൊണ്ട നാളുകളിൽ ഡൽഹിയിലേക്ക്. ന്യൂഡൽഹിയിലെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്കൂളിൽ ഹയർ സെക്കൻഡറിക്കു ചേർന്നു. പഠനത്തിൽ അതിമിടുക്കനായ സീതാറാം സി.ബി.എസ്.ഇ ഹയർ സെക്കൻഡറി പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയാണ് മികവ് തെളിയിച്ചത്.