ദുബായിൽ മയക്കുമരുന്ന് ഉപയോഗിച്ച ശേഷം വാഹനമോടിച്ചയാള്‍ക്ക് തടവും പിഴയും ശിക്ഷ
ദുബായ്: ദുബായിൽ മയക്കുമരുന്ന് ഉപയോഗിച്ച ശേഷം വാഹനമോടിച്ചയാള്‍ക്ക് തടവും പിഴയും ശിക്ഷ. രണ്ട് വര്‍ഷം തടവും, ഒരു ലക്ഷം പിഴയുമാണ് ദുബൈ ട്രാഫിക് കോടതി വിധിച്ചത്.ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്തും. സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ കഴിച്ചതിനും ലഹരിയില്‍ വാഹനമോടിച്ചതിനും പുറമെ കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് കൈവശം വെച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്‍റെയോ ആഭ്യന്തര മന്ത്രാലയത്തിന്‍റെയോ മുന്‍കൂര്‍ അനുമതിയില്ലാതെ പണം കൈമാറാനോ നിക്ഷേപിക്കാനോ പ്രതിക്ക് രണ്ടുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. എല്ലാവിധ ബാങ്കിങ് സൗകര്യങ്ങളിലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് . ഡ്രൈവിങ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. വാഹനമോടിക്കുന്നവര്‍ മയക്കുമരുന്ന് ഉപയോഗിക്കരുതെന്നും എല്ലാ ഗതാഗത നിയമങ്ങളും പാലിക്കണമെന്നും സീനിയര്‍ അഡ്വക്കറ്റ് ജനറലും ട്രാഫിക് പ്രോസിക്യൂഷന്‍ മേധാവിയുമായ സലാ ബു ഫറൂഷ അല്‍ ഫലാസി പറഞ്ഞു.