ഷാർജ രാജ്യാന്തര പുസ്തകമേളയിൽ സംഗീതജ്ഞൻ ഇളയരാജ ഇന്ന് സംവദിക്കും.
ഷാർജ: ‘മഹാ സംഗീതജ്ഞന്റെ യാത്ര -ഇളയരാജയുടെ സംഗീതസഞ്ചാരം’ എന്ന പരിപാടിയിയിലാണ് അദ്ദേഹം സംസാരിക്കുക.രാത്രി 8.30 മുതൽ 10.30 വരെ ബോൾ റൂമിലാണ് പരുപാടി നടക്കുക. അമ്പതാണ്ട് പിന്നിടുന്ന തന്റെ സംഗീതസപര്യയെക്കുറിച്ചായിരിക്കും ഇളയരാജ സംസാരിക്കുക. ഈ വർഷത്തെ പുസ്തകമേളയിൽ ആസ്വാദകരുടെ പങ്കാളിത്തംകൊണ്ടും അതിഥിയുടെ വിസ്മയകരമായ പ്രതിഭകൊണ്ടും സമാനതകളില്ലാത്ത അനുഭവമായിരിക്കും ഇളയരാജക്കൊപ്പമുള്ള സംഗീത സാന്ദ്രമായ രണ്ട് മണിക്കൂർ നീളുന്ന പരിപാടി. ശ്രോതാക്കൾക്ക് ചോദ്യങ്ങൾ ഉന്നയിക്കാനും അവസരം ലഭിക്കും. പരിപാടിക്ക് ശേഷം ഇളയരാജ എഴുതിയ പുസ്തകം വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒമ്പത് ഭാഷകളിലായി 1428 സിനിമകൾക്ക് സംഗീതം പകർന്ന ഏക സംഗീതജ്ഞൻ എന്ന ലോക റെക്കോഡ് ഇളയരാജക്ക് സ്വന്തമാണ്. 8500 ഗാനങ്ങൾക്ക് ഈണം പകർന്ന ഇളയരാജ 20,000ലധികം കച്ചേരികൾ നടത്തിയിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തിന് പുതിയ ഭാവുകത്വം നൽകിയ കർണാടിക് സംഗീതജ്ഞൻ സഞ്ജയ് സുബ്രഹ്മണ്യനാണ് സംവാദത്തിന് നേതൃത്വം നൽകുന്നത്. 2015ൽ മദ്രാസ് സംഗീത അക്കാദമിയുടെ ‘സംഗീത കലാനിധി പട്ടം’ നേടിയിട്ടുള്ള സംഗീത പ്രതിഭയാണ് സഞ്ജയ് സുബ്രഹ്മണ്യം.