കേരള സോഷ്യൽ സെന്റർ ഓണാഘോഷം
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്റർ അംഗങ്ങളുടെ കൈപ്പുണ്യത്തിന്റെ രുചിയറിഞ്ഞ് 3600ലേറെ പേർ. ഓണാഘോഷ സമാപനത്തോടനുബന്ധിച്ച് നടന്ന ഓണസദ്യയ്ക്കാണ് അംഗങ്ങളും കുടുംബാംഗങ്ങളും ഇത്രയും പേർക്കു വിഭവസമൃദ്ധമായ സദ്യ വച്ചുവിളമ്പിയത്. പ്രസിഡന്റ് എ.കെ.ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു.
രണ്ടിനം പായസം ഉൾപ്പെടെ 32 വിഭവങ്ങൾ അടങ്ങിയ സദ്യയോടെയായിരുന്നു ആഘോഷം. രാവിലെ 11.30ന് തുടങ്ങിയ സദ്യ സ്ഥലപരിമിതി മൂലം വൈകിട്ട് 4 വരെ തുടർന്നു. കല്യാണ വീടുകളിലേതുപോലെ പാട്ടും മേളവുമായി തലേദിവസം ആരംഭിച്ച പാചകം പുലരുവോളം തുടർന്നാണ് സദ്യയൊരുക്കിയത്.സ്വന്തം കുടുംബത്തിലെ ആഘോഷമെന്ന പോലെ എല്ലാവരും എത്തിയതോടെ നിഷ്പ്രയാസം സദ്യയൊരുക്കാനായി. കെഎസ്‌സിയുടെ രുചിപെരുമ നാട്ടിൽ പാട്ടാണെന്നും അതാണ് ഇത്രയും തിരക്കെന്നും സദ്യകഴിച്ചവർ പറയുന്നു. 150ഓളം വൊളന്റിയർമാർ നേതൃത്വം നൽകി.