ഷാർജ പുസ്തകോത്സവത്തിൽ ‘എഴുത്തിന്റെ സ്വാതന്ത്ര്യം’ എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു.
ഷാർജ: എഴുത്തും എഴുത്തുകാരനും സ്വതന്ത്രമാകണമെന്ന് പറയാമെങ്കിലും സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര കഠിനമാണെന്ന് സ്പാനിഷ് നോവലിസ്റ്റ് ജാവിയർ സെർക്കാസ്. സ്വാതന്ത്ര്യം എഴുത്തുകളെ രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തിന്റെ സ്വാതന്ത്ര്യം എന്ന വിഷയത്തിൽ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പുതിയ ആശയങ്ങളിലൂടെയാവണം എഴുത്തുകാരുടെ സ്വാതന്ത്ര്യം നിലനിർത്തേണ്ടതെന്ന് ഇമറാത്തി എഴുത്തുകാരി ഇമാൻ അൽ യൂസഫ് പറഞ്ഞു. എഴുത്ത് എന്നത് സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാണ്. എഴുത്തുകാരനെ ആധികാരികമായി അവതരിപ്പിക്കാനുള്ള വഴി കൂടിയാണിത്. എഴുതിയതിന്റെ പേരിൽ ശിക്ഷിക്കപ്പെടും എന്നതിനാൽ, പുരുഷ പേരുകളിൽ സ്ത്രീകൾ എഴുതിയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും അവർ ഓർമിപ്പിച്ചു. നമ്മൾ നമ്മളായിരിക്കാനും ചിന്തകളെയും കഴിവുകളെയും പ്രദർശിപ്പിക്കാനും സ്വാതന്ത്ര്യമുള്ള കാലത്താണ് നാം ജീവിക്കുന്നത് എന്നത് മഹാഭാഗ്യമായി കരുതുന്നു എന്നും അവർ പറഞ്ഞു. ആവിഷ്കാര സ്വാന്ത്ര്യത്തിന് മേലുള്ള അടിച്ചമർത്തലുകൾ പുതിയ സംഭവമല്ലെന്നും പ്രാചീന കാലം മുതലുള്ളതാണെന്നും ഇറാഖി നോവലിസ്റ്റ് അലി ബാദർ പറഞ്ഞു. പ്രാചീന ഗ്രീക്ക് സമൂഹങ്ങളിൽ പോലും അഭിപ്രായങ്ങൾക്കു മേൽ ഭയപ്പെടുത്തലിന്റെ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇന്ന് ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടെന്നു പറയുമ്പോഴും അത് പൂർണമല്ല. ചർച്ചകളും പ്രകടനങ്ങൾക്കും ഇന്ന് അവസരങ്ങളും വേദികളും ഉണ്ടെങ്കിലും അടിച്ചമർത്തുന്ന ശക്തികൾ ഇന്നും നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.