സംഗീതജ്ഞൻ ഇളയരാജ പുസ്തകോത്സവത്തിൽ
ഷാർജ: മലയാള സിനിമാ രംഗത്തെ യുവ സംഗീത സംവിധായകർ അവരുടെ കഴിവുകൾ തെളിയിക്കട്ടെയെന്ന് സംഗീതജ്ഞൻ ഇളയരാജ. ആർക്കും സംഗീതസംവിധായകരാകാം. മലയാളത്തിലേക്ക് ഇപ്പോൾ എന്നെ ആരും ക്ഷണിക്കുന്നില്ല. എല്ലാവർക്കും പേടിയാണെന്നാണ് തോന്നുന്നത്. ക്ഷണിച്ചാൽ തീർച്ചയായും മലയാള സിനിമയ്ക്ക് സംഗീതം ചെയ്യുമെന്നും ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം പറഞ്ഞു.അര നൂറ്റാണ്ട് നീണ്ട സംഗീത യാത്ര തന്നെ സംബന്ധിച്ച് ജീവിതം തന്നെ. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും സമ്പൂർണമായി സംഗീതത്തിൽ ജീവിക്കുകയായിരുന്നു. 43 –ാം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ‘മഹാ സംഗീതജ്ഞന്റെ യാത്ര – ഇളയരാജയുടെ സംഗീതത്തിലൂടെ ഒരു സഞ്ചാരം’ എന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു. പ്രമുഖ കർണാടിക് സംഗീതജ്ഞൻ സഞ്ജയ് സുബ്രഹ്മണ്യൻ മോഡറേറ്ററായിരുന്നു. ഇരുവരും ചേർന്ന് ചില ഗാനങ്ങൾ ആലപിച്ചത് ആസ്വാദകർക്ക് പുതിയ അനുഭവമായി. മലയാളി പെൺകുട്ടി അമൃത ‘പുന്നഗൈ മന്നൻ’ എന്ന ചിത്രത്തിലെ ‘ഏതേതോ’ എന്ന ഗാനം ഇളയരാജക്ക് മുന്നിൽ ആലപിച്ചു. ഗോവിന്ദ് ഡിസി നന്ദി പറഞ്ഞു. ആർ ജെ കീർത്തന അവതാരകയായിരുന്നു.