മിഡിൽ ഈസ്റ്റിൽ ലുലുവിന്റെ ട്രേഡിങ്ങ് മണിമുഴക്കം ; അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലുലു റീട്ടെയ്ൽ ട്രേഡിങ്ങ് തുടങ്ങി
അബുദാബി :ഒരു ഇന്ത്യക്കാരന്റെ ഉടമസ്ഥയിലുള്ള കമ്പനിയുടെ ജിസിസിയിലെ ഏറ്റവും വലിയ ലിസ്റ്റിങ്ങ് എന്ന റെക്കോർഡോടെ ലുലു റീട്ടെയ്ൽ ട്രേഡിങ്ങിന് തുടക്കമായി. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു ചെയർമാൻ എം.എ യൂസഫലി എന്നിവർ ചേർന്ന് ബെൽ റിങ്ങ് മുഴക്കി ട്രേഡിങ്ങിന് തുടക്കംകുറിച്ചു. സർക്കാർ പ്രതിനിധികൾ ഉൾപ്പടെ ബെൽ റിങ്ങ് സെറിമണിക്ക് സാക്ഷിയായി.
യുഎഇയുടെയും ജിസിസിയുടെയും വികസനത്തിന് ലുലു നൽകിയ പങ്കാളിത്വം മാതൃകാപരമാണെന്നും പൊതുപങ്കാളിത്വത്തിലേക്ക് കടന്നതോടെ കൂടുതൽ ജനകീയമാവുകയാണ് ലുലുവെന്നും യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി പറഞ്ഞു. ലുലുവിന്റെ റീട്ടെയ്ൽ യാത്രയിലെ ചരിത്രമുഹൂർത്തമാണ് എഡിഎക്സ് ലിസ്റ്റിങ്ങെന്നും നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസമാണ് ലിസ്റ്റിങ്ങിലൂടെ യാഥാർത്ഥ്യമാകുന്നതെന്നും ലുലു ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. ജിസിസിയിലെ രാജകുടുംബാംഗങ്ങൾ അടക്കം ലുലു റീട്ടെയ്ലിൽ ഭാഗമായ നിക്ഷേപ സ്ഥാപനങ്ങൾക്കും ലുലുവിന് ഉറച്ച പിന്തുണ നൽകുന്ന ഭരണനേതൃത്വങ്ങൾക്കും നന്ദി അറിയിക്കുന്നുവെന്നും എം.എ യൂസഫലി വ്യക്തമാക്കി. ലുലു ജീവനക്കാരാണ് കരുത്തെന്നും അദേഹം കൂട്ടിചേർത്തു. അബുദാബി പെൻഷൻ ഫണ്ട്, എമിറേറ്റ്സ് ഇന്റർനാഷ്ണൽ അൻവെസ്റ്റ്മെന്റ് കമ്പനി, ബഹ്റൈൻ മുംതലകത്ത് ഹോൾഡിങ്ങ്സ്, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, കുവൈറ്റ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി തുടങ്ങിയവരാണ് പ്രധാന നിക്ഷേപകർ. അബുദാബി സെക്യുരിറ്റീസ് എക്സ്ചേഞ്ചിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്വത്തിമാണ് ലുലു ഐപിഒക്ക് ലഭിച്ചത്.
25 ഇരട്ടി അധിക സമാഹരണത്തോടെ 3 ലക്ഷം കോടി രൂപയിലധികമാണ് സമഹാരിച്ചത്. ജിസിസിയിലും മറ്റ് രാഷ്ട്രങ്ങളിലുമുള്ള വിപുലീകരണ പദ്ധതികളും കൂടുതൽ നിക്ഷേപക സാന്നിദ്ധ്യം ഉറപ്പാക്കി. വിദേശരാജ്യത്ത് ഒരു മലയാളി സംരംഭകൻ തുടങ്ങിയ സംരംഭം ജിസിസി രാജകുടുംബാംഗങ്ങളുടെ അടക്കം നിക്ഷേപക പങ്കാളിത്വം നേടിയത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ്.