കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മനു ഭാക്കറിനും ഗുകേഷിനുമുൾപ്പെടെ നാല് പേർക്ക് ഖേൽരത്ന; സജൻ പ്രകാശിന് അര്‍ജുന അവാർഡ്
നേരത്തേ 12 അംഗങ്ങളടങ്ങിയ സെലക്ഷന്‍ കമ്മിറ്റി അവാര്‍ഡിനായി ശിപാര്‍ശ ചെയ്ത പട്ടികയില്‍ മനു ഭാക്കര്‍ ഇടംപിടിച്ചിരുന്നില്ല. പാരിസ് ഒളിമ്പിക്സില്‍ ഇരട്ടമെഡല്‍ നേടിയ മനു ഭാക്കര്‍ അവാര്‍ഡിനായി അപേക്ഷിച്ചിട്ടില്ലെന്നാണ് കായികമന്ത്രാലയം പറയുന്നത്. എന്നാല്‍ അപേക്ഷ അയച്ചിട്ടുണ്ടെന്ന് മനു ഭാക്കറിന്റെ കുടുംബം പറയുന്നു. പാരിസ് ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി ചരിത്രം കുറിച്ച താരമാണ് മനു ഭാക്കര്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സ്ഡ് വിഭാഗത്തിലുമാണ് മെഡല്‍ നേട്ടം. മിക്സ്ഡ് വിഭാഗത്തില്‍ സരബ്ജോത് സിങ്ങായിരുന്നു കൂട്ടാളി. ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവും ആദ്യത്തെ വനിതയുമായി. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിനുശേഷം ഷൂട്ടിങ്ങില്‍ രാജ്യത്തിന്റെ ആദ്യ മെഡലായിരുന്നു ഇത്. ഹരിയാണയിലെ ജജ്ജാര്‍ സ്വദേശിയായ 22കാരി മനു ഭാക്കര്‍ 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും ഷൂട്ടിങ് ലോകകപ്പിലും സ്വര്‍ണജേതാവായിരുന്നു. 2018ല്‍ നടന്ന അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോര്‍ട്ട് ഫെഡറേഷന്റെ ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടിയതോടെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന താരവുമായി. 2020ല്‍ അര്‍ജുന അവാര്‍ഡ് നേടിയിരുന്നു.