ഇന്ത്യാ-പാക് സംഘർഷത്തിൽ ഇടപെട്ട് അമേരിക്ക, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ടു
ദില്ലി : ഇന്ത്യാ-പാകിസ്ഥാൻ സംഘർഷം ശക്തമായതോടെ ഇടപെട്ട് അമേരിക്ക.യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ത്യയുമായും പാകിസ്ഥാനുമായും സംസാരിച്ച് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കറുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ സംസാരിച്ചു. പാക് സൈനികമേധാവി അസിം മുനീറുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷമാണ് മാർകോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ബന്ധപ്പെട്ടത്. ഇരുരാജ്യങ്ങളും ആക്രമണങ്ങളിൽ നിന്നും പിന്നോട്ട് പോകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതായാണ് വിവരം. ഇന്ത്യയും പാകിസ്ഥാനും ആശയവിനിമയം പുനസ്ഥാപിക്കണം. ഭാവിയിലെ തർക്കങ്ങൾ ഒഴിവാക്കുന്നതിനായി ചർച്ചകൾക്ക് സാധിക്കും. ചർച്ചകൾ അമേരിക്ക പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ചൈനയും സമാനമായ ആവശ്യം മുന്നോട്ട് വെച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യാ പാക് സംഘർഷം രൂഷമാക്കരുതെന്നും ആക്രമണങ്ങൾ അവസാനിപ്പിച്ച് സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഇന്ത്യയോടും പാകിസ്ഥാനോടും സമാധാനത്തിന് ആഹ്വാനം ചെയ്ത് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ നിലവിലുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. പ്രശ്നങ്ങൾ രാഷ്ട്രീയ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. സമാധാന ചർച്ചകളിലൂടെ മാത്രമേ പ്രശ്നപരിഹാരം ഉണ്ടാകുകയുള്ളു. പ്രശ്ന പരിഹാരത്തിനായി ക്രിയാത്മകമായ പങ്ക് വഹിക്കാൻ ചൈന സന്നദ്ധമാണെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.