സൗദിയിൽ വെള്ളിയാഴ്ച വരെ കനത്ത മഴ തുടരും, ഇന്ന് സ്കൂളുകൾക്ക് അവധി
റിയാദ്: സൗദി അറേബ്യയിൽ കാലാവസ്ഥ മുന്നറിയിപ്പ്. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും കനത്തതോ നേരിയതോ ആയ മഴയുണ്ടാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. മക്കയിലെ ചില പ്രദേശങ്ങൾ, റിയാദ്, മദീന, തബൂക്ക്, ഹെയിൽ, ഖാസിം, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി, അൽ ജൗഫ്, അൽ ബഹ, അസിർ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇത് വെള്ളിയാഴ്ച വരെ തുടരുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, ഇന്ന് കനത്ത മഴയെതുടർന്ന് എല്ലാ സ്കൂളുകൾക്കും മക്ക എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മക്ക സിറ്റിയിലേയും അൽ ജുമും, അൽ ഖാമിൽ, ബഹ്റ എന്നീ ഗവർണറേറ്റുകളിലെയും സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതികൂല സാഹചര്യമായതിനാൽ കുട്ടികൾ നേരിട്ട് സ്കൂളിലെത്തേണ്ടതില്ലെന്നും ക്ലാസുകൾ ഓൺലൈനായി സംഘടിപ്പിക്കുമെന്നും എജുക്കേഷൻ വിഭാഗം അധികൃതർ അറിയിച്ചു. മദ്രസതി പ്ലാറ്റ്ഫോം വഴിയായിരിക്കും ഓൺലൈൻ ക്ലാസുകൾ നടത്തുന്നത്. ഉമ്മുൽഖുറ സർവകലാശാലയും ക്ലാസുകൾ ഓൺലൈനായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് എല്ലാ താമസക്കാരോടും സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലോ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലോ പോകുന്നതും ഇവിടങ്ങളിൽ നീന്തൽ പോലുള്ള വിനോദങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഔദ്യോഗിക ചാനലുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും കാലാവസ്ഥയുടെ തത്സമയ വിവരങ്ങളെപ്പറ്റി അറിയണമെന്നും താമസക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.