ഭരതാഞ്ജലി ഒരുക്കുന്ന ‘പ്രയുക്തി 2025’ മെയ് 24, ജൂൺ 28 ദിവസങ്ങളിൽ അബുദാബിയിൽ അരങ്ങേറും.
അബുദാബി: അബുദാബിയിലും മുസഫയിലുമായി പ്രവർത്തിച്ചുവരുന്ന ഭരതാഞ്ജലി ക്ലാസിക്കൽ ഡാൻസ് ട്രെയിനിങ്ങ് സെന്ററിന്റെ വാർഷികോപഹാരമായ ‘പ്രയുക്തി 2025’ അരങ്ങേറും. മെയ് 24, ജൂൺ 28 ദിവസങ്ങളിലായി അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിലാണ് അരങ്ങേറുക.ഭരതനാട്യത്തിന്റെ സമ്പൂർണ്ണ ഭാവസൗന്ദര്യത്തെ സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കുന്നതിനായി നൃത്താധ്യാപിക പ്രിയ മനോജിന്റെ നൂറിലേറെ വിദ്യാർത്ഥികൾ അണിനിരക്കുന്ന പ്രയുക്തിയുടെ രണ്ട് ഘട്ടവും അബുദാബി ഇന്ത്യാ സോഷ്യൽ ആന്റ് കൾച്ചറൽ സെന്ററിലായിരിക്കും അരങ്ങേറുക. 2017 മുതൽ പ്രയുക്തി എന്ന പേരിൽ സംഘടിപ്പിച്ചു വരുന്ന ഈ നൃത്തോത്സവത്തിന്റെ പ്രധാന ആകർഷണം ‘രസൊവൈഭവം’ എന്ന നവരസങ്ങളുടെ മാധുര്യം ആഘോഷിക്കുന്ന തീമാറ്റിക് നൃത്താവതരണമായിരിക്കും. അഭിനയം, ഭാവം, സംഗീതം, ചലനം എല്ലാം ചേർന്ന ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രകടനമായിരിക്കും ‘രസൊവൈഭവം’. സമൂഹ നൃത്തങ്ങൾ, ദ്വയനൃത്തങ്ങൾ, തീമാറ്റിക് കൊറിയോഗ്രാഫി എന്നിവ ഉൾപ്പെട്ട പ്രയുക്തിയിൽ പുഷ്‌പാഞ്‌ജലിയിൽ നിന്നും തില്ലാനവരെ ഉൾപ്പെടുത്തിയ അവതരണങ്ങൾ കൃത്യതയും ഭാവനയും സംയോജിപ്പിച്ചു കാലാനുഭവമായിരിക്കും.പ്രവർത്തനത്തിലൂടെ പ്രകടനം എന്ന അർത്ഥം വരുന്ന പ്രയുക്‌തിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഭരതാഞ്ജലി ഡയറക്ടർ പ്രിയ മനോജ് അറിയിച്ചു.വാർത്താസമ്മേളനത്തിൽ പ്രിയ മനോജിനെ കൂടാതെ നൃത്താധ്യാപകരായ കലാക്ഷേത്ര സ്വേത ശരൺ, കലാക്ഷേത്ര ആര്യ സുനിൽ, കലാക്ഷേത്ര കാർത്തിക നാരായണൻ, കലാക്ഷേത്ര വിദ്യ സുകുമാരൻ എന്നിവർ പങ്കടുത്തു.