സുഡാനി പൗരന്മാർക്ക് താമസമൊരുക്കി ഷാർജ അധികൃതർ
ഷാർജ :സുഡാൻ പൗരന്മാർക്ക് താമസം ഉൾപ്പെടെ അടിയന്തര സംവിധാനം ഒരുക്കി നൽകി ഷാർജ അധികൃതർ. വിമാനത്താവളത്തിൽ കുടുങ്ങിയ 13 പേർക്കാണ് സിവിൽ ഏവിയേഷൻ വകുപ്പിന്‍റെ സഹകരണത്തോടെ ഷാർജ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് വകുപ്പ് അടിയന്തര സഹായമെത്തിച്ചത്. സുഡാൻ തലസ്ഥാനമായ ഖർത്തൂമിലേക്ക് ഷാർജ വിമാനത്താവളം വഴി പോവുകയായിരുന്നു ഇവർ. ഖർത്തൂം വിമാനത്താവളം നിലവിൽ അടച്ചിട്ടിരിക്കുന്നതിനാൽ യാത്ര മുടങ്ങുകയായിരുന്നു.ഷാർജയിലെത്തിയ ശേഷം സുഡാൻ പൗരന്മാരുടെ നീക്കം നിരീക്ഷിച്ചുവരുകയായിരുന്നെന്നും ചാരിറ്റബിൾ സ്ഥാപനങ്ങളുമായും ഷാർജ ചാരിറ്റി അസോസിയേഷൻ, എമിറേറ്റ്സ് റെഡ് ക്രസന്‍റ് അതോറിറ്റി തുടങ്ങിയവയുമായും സഹകരിച്ചാണ് താമസവും മറ്റു സഹായവും ഏർപ്പെടുത്തിയതെന്നും പൊലീസ് കമാൻഡർ ഇൻ ചീഫും എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് വകുപ്പ് തലവനുമായ മേജർ ജന. സൈഫ് അൽ സാരി അൽ ശംസി പറഞ്ഞു.