മുപ്പത്തി അഞ്ച് ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങൾ പുനഃസ്ഥാപിക്കാൻ ഒരുങ്ങുന്നു.
ദുബായ്: മുപ്പത്തി അഞ്ച് ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങൾകൂടി പുനഃസ്ഥാപിക്കാൻ ഒരുങ്ങുന്നു. ദുബൈയുടെ പൈതൃക കെട്ടിടങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒരുക്കുക. നേരത്തേ ആരംഭിച്ച പദ്ധതിയുടെ രണ്ടാംഘട്ടത്തിന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകിയതോടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.രണ്ടാംഘട്ടം നടപ്പാക്കുന്നതോടെ പദ്ധതിയിൽ ഉൾപ്പെട്ട കെട്ടിടങ്ങളുടെ എണ്ണം ആകെ 807 ആകും. ആദ്യഘട്ടത്തിൽ 17 പുരാവസ്തു മേഖലകൾ, 14 ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ, 741 കെട്ടിടങ്ങൾ എന്നിവയാണ് ഉൾപ്പെടുന്നത്. ദുബൈ മീഡിയ ഓഫിസ് ഞായറാഴ്ച പുറത്തുവിട്ട വിഡിയോയിലൂടെയാണ് പദ്ധതിയുടെ പുതിയഘട്ടം സംബന്ധിച്ച് വെളിപ്പെടുത്തിയത്. ദുബൈയിലെ പ്രായമേറിയ താമസക്കാരൻ ക്ലോക്ക് ടവർ, പഴയ ദുബൈ എയർപോർട്ട് ടെർമിനൽ തുടങ്ങിയവയെക്കുറിച്ച ഓർമകൾ പങ്കുവെക്കുന്നതാണ് വിഡിയോയിലുള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ദുബൈയിലെ ഏറ്റവും പഴക്കമേറിയ കെട്ടിടമായ അൽ ഫഹീദി കോട്ടയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ശൈഖ് ഹംദാൻ വിലയിരുത്തിയിരുന്നു. ചരിത്രപരമായ പ്രസക്തിയുള്ളതും ദുബൈയുടെ ഭൂതകാലത്തിന്റെ കഥ പറയുന്നതുമായ പ്രദേശങ്ങൾ, സൈറ്റുകൾ, കെട്ടിടങ്ങൾ എന്നിവ സംരക്ഷിക്കുകയാണ് വിശാലമായ രണ്ടാം ഘട്ട പദ്ധതി ലക്ഷ്യമിടുന്നത്. 1960കൾ മുതൽ 1990കൾ വരെയുള്ള കാലത്തെ 35 പ്രദേശങ്ങളും കെട്ടിടങ്ങളും സംരക്ഷിക്കാനാണ് പുതിയ ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.