കനത്ത മഴ: കോട്ടയത്തും കൊച്ചിയിലും വെള്ളക്കെട്ട്, വീടുകളിൽ വെള്ളം കയറി
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലത്ത് മരുത്തടി, ശക്തികുളങ്ങര, മങ്ങാട് പ്രദേശത്ത് വീടുകളില്‍ വെള്ളം കയറി. ഇടപ്പള്ളി മരോട്ടിച്ചോടിലും കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരത്തും വെള്ളം കയറി. സഹോദരന്‍ അയ്യപ്പന്‍, പാലാരിവട്ടം –കാക്കനാട്, ആലുവ – ഇടപ്പള്ളി റോഡില്‍ ഗതാഗതക്കുരുക്കുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം വീണു. ആര്‍ക്കും പരുക്കില്ല. കോട്ടയം കുറവിലങ്ങാട്ടും വെള്ളക്കെട്ട് ഉണ്ടായി. എംസി റോഡിൽ കുറവിലങ്ങാട് പള്ളിക്കവല, വൈക്കം റോഡ് പ്രദേശങ്ങളിലാണു രാവിലെ മുതലുള്ള മഴയിൽ വെള്ളക്കെട്ട് ഉണ്ടായത്. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം വർക്കല പാപനാശത്ത് ബലിമണ്ഡപത്തിന്റെ പിൻഭാഗത്തെ കുന്നിടിഞ്ഞു. രാവിലെ 5.30 ഓടെയാണു സംഭവം നടന്നത്. കുന്ന് അടർന്ന് വലിയ കല്ലുകൾ താഴേക്കു പതിച്ചു. തിരക്ക് ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.