‘പെൺനടൻ’ അബുദാബി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടി
അബുദാബി∙ സ്ത്രീയായി വേഷമിടേണ്ടി വന്ന ഒരു മഹാനടന്റെ ജീവിതത്തിലെയും നാടകത്തിലെയും സംഘർഷഭരിത അനുഭവം കോർത്തിണക്കി അവതരിപ്പിച്ച പെൺനടൻ എന്ന നാടകത്തെ അബുദാബി മലയാളികൾ വരവേറ്റത് കരഘോഷത്തോടെ. നൂറിലേറെ വേദികൾ പിന്നിട്ട് അബുദാബിയിലെത്തിയ ‘പെൺനടൻ’ കേരള സോഷ്യൽ സെന്ററിൽ തിങ്ങി നിറഞ്ഞ സദസ്സിലായിരുന്നു അവതരണം. നാടക, സിനിമാ നടൻ സന്തോഷ് കീഴാറ്റൂർ അരങ്ങിൽ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു എന്നാണ് കാണികളുടെ കമന്‍റ്. ശക്തി തിയറ്റേഴ്‌സാണ് അബുദാബിയിൽ നാടകത്തിനു വേദിയൊരുക്കിയത്.ഓച്ചിറ വേലുക്കുട്ടി പെൺനടനായി പകർന്നാടിയപ്പോൾ അനുഭവിച്ച വ്യഥകളെല്ലാം വേദിയിൽ നിറഞ്ഞുനിന്നു. കഥാപാത്രത്തിന്റെ കടുത്ത മാനസിക സംഘർഷങ്ങളും വ്യാകുലതകളും തന്നിലേക്ക് ആവാഹിച്ചതോടൊപ്പം സ്ത്രീ സൗന്ദര്യത്തിന്റെ വശ്യത ഒട്ടും ചോർന്നു പോകാതെ വേദിയിൽ തകർത്താടുകയായിരുന്നു സന്തോഷ്.

സ്ത്രീകൾ അരങ്ങിൽ കയറാൻ മടിച്ച കാലത്ത് പെൺവേഷം കെട്ടിയാടിയ മഹാനടൻ ഓച്ചിറ വേലുക്കുട്ടിയുടെ ജീവിതം സന്തോഷ് കീഴാറ്റൂർ ഏകാംഗമായി അഭിനയിച്ചു തീർത്തപ്പോൾ ഒന്നര മണിക്കൂർ നേരം സദസ്സും നാടകത്തോടൊപ്പം സഞ്ചരിക്കുകയായിരുന്നു. ആധുനിക നാടക സാങ്കേതത്തിന്റെ സഹായത്തോടെയിരുന്നു അവതരണം. സുരേഷ് ബാബു ശ്രീസ്ഥയും സന്തോഷ് കീഴാറ്റൂരും ചേർന്നാണ് രചന. മകൻ യദു സാന്ത് (ദീപ സംവിധാനം), ഭാര്യ സിനി സന്തോഷ് (കോസ്റ്റ്യൂം ഡിസൈനർ), പിയുഷ് പുരുഷു (ചമയം), മനോരഞ്ജൻ, ബിജു തുണ്ടിയിൽ (സംഗീത സംവിധായകർ), അശോകൻ, ബാദുഷ, വേണു (രംഗസജ്ജീകരണം) എന്നിവരാണ് അണിയറ പ്രവർത്തകർ.നാടകത്തിന്റെ മുന്നോടിയായി ശക്തി പ്രസിഡൻ്റ് കെ.. വി. ബഷീറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ജെമിനി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ ഗണേഷ് ബാബു, എമിർകോം ചീഫ് ഓപ്പറേറ്റിങ്ങ് മാനേജർ അജയകുമാർ, ജനറൽ സെക്രട്ടറി സി.എൽ. സിയാദ്, കലാവിഭാഗം സെക്രട്ടറി അജിൻ പൊത്തേര എന്നിവർ പങ്കെടുത്തു.