‘ഹെല്‍ത്തി സിറ്റീസ്’ പദ്ധതി കൂടുതൽ നഗരങ്ങളിലേക്ക്
ഷാർജ : എമിറേറ്റിലെ ‘ഹെൽത്തി സിറ്റീസ്’ പദ്ധതി ഭാവിയിൽ ഖോർഫക്കാൻ, കൽബ, അൽ ദൈദ് എന്നീ നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നതായി ഷാർജ ഹെൽത്ത് അതോറിറ്റി (എസ്.എച്ച്.എ.) അധികൃതർ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യൂ.എച്ച്.ഒ.) ഹെൽത്തി സിറ്റി പദ്ധതിയുടെ പുരോഗതി വിലയിരുത്താനായി എസ്.എച്ച്.എ. യുടെ ആസ്ഥാനത്ത് നടന്ന എക്‌സിക്യുട്ടീവ് സമിതി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട ചർച്ച നടന്നത്. ഹെൽത്തി സിറ്റീസ് പദ്ധതിയിൽ പങ്കെടുക്കുന്ന യു.എ.ഇ. യിലെ ആദ്യത്തെ എമിറേറ്റാണ് ഷാർജ. നഗരവാസികളുടെ ആരോഗ്യ സുരക്ഷയ്ക്ക് സർക്കാർ എങ്ങനെയാണ് മുൻഗണന നൽകുന്നതെന്നും അവയുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്വീകരിക്കുന്ന നടപടികളും ഹെൽത്തി സിറ്റി വിലയിരുത്തുന്നു. രോഗവ്യാപനം, ജീവിതശൈലി എന്നിങ്ങനെ ഒട്ടേറെ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ആരോഗ്യാവസ്ഥ വിവരിക്കാൻ ഒരു പൊതുആരോഗ്യ റിപ്പോർട്ട് തായ്യാറാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.