ദുബായ് മാളിന് 1.5 ബില്യൺ ദിർഹത്തിന്റെ വമ്പൻ പദ്ധതി പ്രഖ്യാപിച്ചു.
ദുബായ്: ദുബായിലെ ഏറ്റവും വലിയ മാളിനെ ഇനിയും വലുതാക്കുമെന്ന് പ്രഖ്യാപനം. എമാർ പ്രോപ്പർട്ടീസ് ദുബായ് മാളിന് 1.5 ബില്യൺ ദിർഹത്തിന്റെ വികസന പദ്ധതി പ്രഖ്യാപിച്ചു. 240ഓളം ആഡംബര സ്റ്റോറുകളും ഫൂഡ് ഔട്ട്ലെറ്റുകളും ഉൾപ്പെടെയുള്ളവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലേറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സൈറ്റുകളിലൊന്നാണ് ദുബായ് മാൾ. ഈ ആഗോള ലക്ഷ്യസ്ഥാനത്തിന്റെ വികസനം ദുബായിയുടെ പ്രതിച്ഛായയും സംസ്കാരവും പ്രതിഫലിപ്പിക്കുമെന്ന് എമാർ സ്ഥാപകൻ മുഹമ്മദ് ആലബാർ പറഞ്ഞു.
2023ൽ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച സ്ഥലമെന്ന റെക്കോർഡിട്ടത് ദുബായ് മാളാണ്. കഴിഞ്ഞ വർഷം 105 മില്യൺ സന്ദർശകരാണ് എത്തിയത്. മുൻ വർഷത്തേക്കാൾ 19 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ കൂടിയാണ് ദുബായ് മാൾ. നിലവിൽ 1,200-ലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളുമായി 1.2 ദശലക്ഷം ചതുരശ്ര മീറ്റർ അളവിലാണ് മാൾ പ്രവർത്തിക്കുന്നത്. നേരത്തെ ദുബായ് ക്രീക്ക് ഹാർബറിൽ ഇലക്ട്രിക് കാറുകൾ ഓടിക്കാൻ സൗകര്യമുള്ള പുതിയൊരു മാൾ സ്ഥാപിക്കുമെന്ന് എമാർ സ്ഥാപകൻ പ്രഖ്യാപിച്ചിരുന്നു.