യുഎഇ യിൽ കുട്ടികളിലെ ആദ്യ ലിവിംഗ് ഡോണർ കരൾമാറ്റ ശസ്ത്രക്രിയ നടത്തി ബുർജീൽ മെഡിക്കൽ സിറ്റി
അബുദാബി: യുഎഇ യിൽ കുട്ടികളിലെ ആദ്യ ലിവിംഗ് ഡോണർ കരൾമാറ്റ ശസ്ത്രക്രിയ നടത്തി ബുർജീൽ മെഡിക്കൽ സിറ്റി. ജീവിച്ചിരിക്കുന്ന ദാതാവിൽ നിന്ന് കരൾ സ്വീകരിച്ചു നടത്തുന്ന യുഎഇയിൽ കുട്ടികളിലെ ആദ്യ ശസ്ത്രക്രിയ കൂടിയാണിത്.
യുഎഇ യിൽ കുട്ടികളിലെ ആദ്യ ലിവർ ട്രാൻസ്പ്ലാൻറ് സ്വീകർത്താവായ റസിയ അപൂർവ കരൾ രോഗത്തെയാണ് കരൾ മാറ്റ ശസ്ത്രക്രിയയിലൂടെ അതിജീവിച്ചത്. അച്ഛൻ ഇമ്രാൻ ഖാനാണ് മകൾക്കു കരൾ നൽകിയത്. ജനിതക മാറ്റം മൂലമുണ്ടാകുന്ന ഈ അവസ്ഥ പിത്തരസത്തിലെ ആസിഡുകളുടെയും മറ്റു ഘടകങ്ങളുടെയും രൂപീകരണത്തിലും സ്രവണത്തിലും അസാധാരണത സൃഷ്ടിക്കുന്നതിലൂടെ ആത്യന്തികമായി കരളിന് കേടുപാടുകൾ വരുത്തും. വളർച്ച മുരടിക്കൽ, കരൾ സംബദ്ധമായ സങ്കീർണതകൾ എന്നീ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടുന്ന ഈ അവസ്ഥയെ മറികടക്കാനുള്ള ഏക മാർഗം കരൾ മാറ്റിവയ്ക്കൽ മാത്രമാണ്. കണ്ണുകളിലെ മഞ്ഞ നിറം, മോണയിലെ രക്തസ്രാവം, കടുത്ത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ റസിയ പ്രകടിപ്പിക്കാൻ തുടങ്ങിയപ്പോൾ തന്നെ അവർ ചികിത്സ തേടുകയും, കരൾ മാറ്റിവയ്ക്കാനുള്ള പ്രായമാകുന്നതു വരെയുള്ള പതിവ് പരിശോധനകൾ മുടങ്ങാതെ ചെയ്യുകയും ചെയ്തു. ബുർജീൽ അബ്ഡോമിനൽ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാൻ്റ് പ്രോഗ്രാമിൻ്റെ ട്രാൻസ്പ്ലാൻ്റ് സർജറി ഡയറക്ടർ ഡോ. റെഹാൻ സൈഫിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. റസിയയുടെ ഡിസ്ചാർജിനായി കാത്തിരിക്കുന്ന ഖാനും കുടുംബവും ബി എം സിയിലെ മുഴുവൻ ടീമുകളോടും നന്ദി പറഞ്ഞു.
യുഎഇ യുടെ മെഡിക്കൽ ചരിത്രത്തിൽ വലിയ മുന്നേറ്റമുണ്ടാക്കിയ റസിയയുടെ ശസ്ത്രക്രിയ വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയുടെയും മാതാപിതാക്കളുടെ സ്നേഹത്തിന്റെയും അടയാളപ്പെടുത്തലാണ്.
ന്യൂസ് ഡെസ്ക് അബുദാബി