ഹേമ കമ്മിറ്റി റിപ്പോർട്ട്: മന്ത്രി ഗണേഷ് കുമാറിനെതിരായ പരാതിയിൽ നടപടിക്ക് ഡി.ജി.പിയുടെ നിർദേശം
തിരുവനന്തപുരം: സിനിമ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മന്ത്രി ഗണേഷ് കുമാറിനെതിരായ പരാമർശം സംബന്ധിച്ച് കേസെടുക്കണമെന്ന പരാതിയിൽ ആവശ്യമായ നടപടിക്ക് നിർദേശം നൽകി ഡി.ജി.പി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി നൽകിയ പരാതിയിലാണ് നടപടി. 136ാം പേജിൽ മന്ത്രിയെ കുറിച്ച് പരാമർശം ഉണ്ടെന്നും അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം.
‘ആത്മ’ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ മന്ത്രിയെക്കുറിച്ച് പരാമർശമുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് അബിൻ വർക്കി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ആവശ്യമായ നടപടിക്ക് ഡി.ജി.പി ശിപാര്‍ശ നല്‍കിയിരിക്കുന്നത്.
അതേസമയം, ഹേമ കമ്മീഷൻ റിപ്പോര്‍ട്ടിൽ സാംസ്കാരിക വകുപ്പും സര്‍ക്കാരും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഇതില്‍ ഗതാഗത മന്ത്രിയ്ക്ക് കാര്യമില്ലെന്നുമായിരുന്നു ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ‘റിപ്പോർട്ട് പുറത്തു വന്നു നല്ലതാണ്. അവസരങ്ങൾ ലഭിക്കുന്നതിന് വിട്ടുവീഴ്ച ചെയ്യണമെന്നൊക്കെ പണ്ടേ കേൾക്കുന്നതാണ്. എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. പറഞ്ഞാൽ അന്നേരം പ്രതികരിക്കും. നമ്മൾ എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങൾ ഊഹിക്കുന്നത്. ആളുകളെ ആക്ഷേപിക്കുന്നതിന് തയാറല്ല. സാംസ്കാരിക മന്ത്രി കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. അദ്ദേഹം നടപടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ട്. സിനിമ മേഖലയില്‍ എല്ലാ ശരിയാണെന്ന് അഭിപ്രായമില്ല. അറിയാത്ത കാര്യങ്ങളെക്കുറിച്ച് പറയാനില്ല. എന്തെങ്കിലും പറഞ്ഞ് വിവാദത്തിനില്ല. ചില കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്ത് ചാടേണ്ട’ -എന്നായിരുന്നു ഗണേഷ് പറഞ്ഞത്.
ഷൂട്ടിങ് ലോക്കേഷനില്‍ ബാത്ത് റൂം സൗകര്യമില്ലാത്തതൊക്കെ ഉടൻ നടപടിയെടുക്കേണ്ട കാര്യമാണ്. സീനിയറായ നടികളുടെ കാരവൻ ഉപയോഗിക്കാൻ അനുവദിക്കുന്നില്ല. പ്രൊഡ്യൂസേഴ്സ് സംഘടന ഇത്തരം കാര്യങ്ങള്‍ ആലോചിക്കേണ്ടതാണ്. മൊത്തത്തില്‍ ഉള്ള പഠനമാണ്. പണ്ടും ഇതുപോലെയുള്ള കഥകള്‍ കേട്ടിട്ടുണ്ട്. അതിനെക്കുറിച്ച് പറയാനില്ല. ഗണേഷ് കുമാറോ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയോ അല്ല നടപടിയെടുക്കേണ്ടത് -ഗണേഷ് പറഞ്ഞു.