ആരാധകർക്ക് ആഘോഷം; പിറന്നാൾ ദിനത്തിൽ ഗൗതം മെനോൻ സിനിമയുടെ പോസ്റ്ററുമായി മമ്മൂട്ടി!
പിറന്നാൾ ദിനത്തിൽ വമ്പൻ അപഡേറ്റുമായി മമ്മൂട്ടി. മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ഹൗസായ മമ്മൂട്ടി കമ്പനിയുടെ ആറം ചിത്രത്തിന്‍റെ അപ്ഡേറ്റാണ് നിലവിൽ പുറത്തുവിട്ടത്. തെന്നിന്ത്യൻ ഹിറ്റ്മേക്കർ ഗൗതം വാസുദേവ് മെനോന്‍റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന് ‘ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്സ്’ എന്നാണ് പേരിട്ടിരിക്കുന്നത്.
ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമിക്കുന്നത്. നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമ അടുത്ത വർഷം റിലീസിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. കോമഡിക്ക് പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. വിനീത് , ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിൽ മറ്റ് പ്രധാന കഥാപാത്രത്തിലെത്തുന്നത്. വേഫേറർ ഫിലിംസാണ് ചിത്രം തിയറ്ററിലെത്തിക്കുക.