സിനിമാ താരം നവ്യാ നായർ അബുദാബിയിൽ ഓണാഘോഷത്തിൽ അതിഥിയായെത്തുന്നു.
അബുദാബി: അബുദാബി മുസഫ ക്യാപിറ്റൽ മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ വെച്ച് നടക്കുന്ന ഓണാഘോഷത്തിൽ പ്രശസ്ത സിനിമാ താരം നവ്യാ നായർ അതിഥിയായെത്തുന്നു. അബുദാബി മലയാളി സമാജവും ലുലു ക്യാപിറ്റൽ മാളും സംയുക്തമായി സെപ്റ്റംബർ ഏഴ് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഒരുക്കുന്ന ഓണാഘാഷത്തിലാണ് സിനിമാ താരം നവ്യാ നായർ പങ്കെടുക്കുന്നത്. പൂക്കള മത്സരതോടൊപ്പം, ഡാൻസ് , പാട്ട് തുടങ്ങിയ വിവിധയിനം കലാപരിപാടികളും അരങ്ങേറും. പൂക്കള മത്സരത്തിൽ പങ്കെടുക്കുന്ന വിജയികൾക്ക് യഥാക്രമം 3000, 2000, 1000 ദിർഹത്തിന്റെ ലുലു ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി ലഭിക്കും. കൂടാതെ പങ്കെടുക്കുന്നവർക്ക് 500 ദിർഹത്തിന്റെ ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും. കഴിഞ്ഞ വർഷം പൂക്കള മത്സര ഭാഗമായി ഒരുക്കിയ മെഗാപൂക്കളം ശ്രദ്ധനേടിയിരുന്നു. 95 കിലോ പൂവും, 75 കിലോ വർണ പൊടികളും ഉപയോഗിച്ചാണ് പൂക്കളം ഒരുക്കിയിരുന്നത്. ആർട്ടിസ്റ്റ് സലിം രൂപകൽപന ചെയ്ത 10 മീറ്റർ വ്യാസമുള്ള പൂക്കളം വനിതാ വിഭാഗത്തിലെ 70 പേർ 7 മണിക്കൂർ എടുത്തതാണ് പൂർത്തിയാക്കിയത്.