മലയാളം മിഷൻ അധ്യാപക പരിശീലനം 7, 8 തിയ്യതികളിൽ; ഡോ. എം. ടി. ശശി നയിക്കും
അബുദാബി : മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ കീഴിൽ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന അധ്യാപക പരിശീലനത്തിന് ശനിയാഴ്ച തുടക്കം കുറിക്കും. മുൻ ഭാഷാ അധ്യാപകനും എഴുത്തുകാരനും കേരള എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസറുമായ ഡോ. എം. ടി. ശശി മുഖ്യ പരിശീലകനായിരിക്കും.അബുദാബി ചാപ്റ്ററിനു കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കേരള സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, അബുദാബി സിറ്റി, ഷാബിയ, ബദാസായിദ്, അൽ ദഫ്‌റ എന്നീ മേഖലകളെ പഠനകേന്ദ്രങ്ങളേയ്ക്ക് ആവശ്യമായ അധ്യാപകർക്കാണ് പരിശീലനം നൽകുന്നത്. ശനിയാഴ്ചയിലെ അധ്യാപക പരിശീലനത്തിൽ മലയാളം മിഷൻ പാഠ്യപദ്ധതിയായ കണിക്കൊന്ന, സൂര്യകാന്തി എന്നിവയുടെ അധ്യാപർക്കുള്ള പരിശീലനവും ഞായറാഴ്ച ആമ്പൽ, നീലക്കുറിഞ്ഞി ക്ലാസുകളിലെ അധ്യാപകർക്കുള്ള പരിശീലനവുമായിരിക്കും നൽകുക. രണ്ടു ദിവസവും രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് വൈകീട്ട് അഞ്ച് മണിവരെ നീണ്ടുനിൽക്കും.