യുവകലാസാഹിതി അബുദബി: യുവകലാ സന്ധ്യ ഫെബ്രുവരി 15 ന് അരങ്ങേറും.
അബുദാബി: യുവകലാസാഹിതി അബുദബി സംഘടിപ്പിക്കുന്ന സംഗീത നിശ യുവകലാ സന്ധ്യ ഫെബ്രുവരി 15 ന് അരങ്ങേറും. വൈകിട്ട് ആറിന് അബുദബി കേരള സോഷ്യൽ സെന്ററിൽ ആണ് വൈവിധ്യമാർന്ന പരിപാടി നടക്കുക. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യുന്ന കലാസന്ധ്യയിൽ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. യുവകലാസാഹിതിയുടെ സ്ഥാപക നേതാവ് മുഗൾ ഗഫൂർ അനുസ്മരണാർത്ഥം നൽകി വരുന്ന മുഗൾ ഗഫൂർ അവാർഡ് 2024 മന്ത്രി ജി ആർ അനിൽ ഇസ്ലാമിക് സെന്റർ പ്രസിഡന്റും അവാർഡ് ജേതാവുമായ പി ബാവ ഹാജിക്ക് സമ്മാനിക്കും. അഞ്ച് പതിറ്റാണ്ടിലേറെ സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ അംഗീകരിച്ചുള്ളതാണ് മുഗൾ ഗഫൂർ പുരസ്കാരം. പിന്നണി ഗായിക രമ്യ നമ്പീശനും, ആഘോഷരാവിന് നിറപ്പകിട്ടേകുവാൻ യുവഗായകരായ ശിഖ പ്രഭാകരനും & ഫൈസൽ റാസിയും ചേർന്ന് സംഗീത നിശ ഒരുക്കും. അനുകരണ ഹാസ്യം കൊണ്ടും പാരഡി പാട്ടുകൾ കൊണ്ടും ശ്രദ്ധേയനായ സുധീർ പറവൂര് പരിപാടി അവതരിപ്പിക്കും. 2006 ൽ അബുദാബിയിൽ തുടക്കം കുറിച്ച യുവകലാസന്ധ്യ എന്ന യുവകലാസാഹിതിയുടെ വാർഷിക പരിപാടി യുഎഇ യിലും മറ്റു രാജ്യങ്ങളിലും ഇതേ പേരിൽ നടത്തി വരുന്നു. യുവകലാസാഹിതി പ്രസിഡന്റ് റോയ് ഐ വർഗീസ്, അൽ സാബി ഗ്രൂപ്പ് എക്സ്ക്യൂട്ടീവ് ഡയറക്ടർ ദേവു വിമൽ, ജനറൽ കൺവീനർ രാകേഷ് മൈലപ്രത്ത്, ആർ ശങ്കർ, മനുകൈനകിരി, ശൽമ സുരേഷ്, പി ചന്ദ്രശേഖരൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.