ഇ-സ്കൂട്ടർ യാത്രികർക്ക് സുരക്ഷ മുന്നറിയിപ്പ്
അബൂദബി: ഇ- സ്കൂട്ടറുകള് ഉപയോഗിക്കുന്നവര്‍ സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് അബൂദബി പൊലീസ്. ഗതാഗത ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായാണ് സുരക്ഷ ഉറപ്പുവരുത്തുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തി പൊലീസ് രംഗത്തുവന്നത്. ഇ-സ്കൂട്ടറുകള് വെയിലത്ത് നിര്‍ത്തിയിടരുത്, അധികമായി ചാര്‍ജ് ചെയ്യരുത്, ഒന്നിലധികം യാത്രികരുമായി സഞ്ചരിക്കരുത്, ഭാരം കൊണ്ടുപോകരുത് എന്നിവയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.
വെയിലത്ത് ഇലക്ട്രിക് സ്കൂട്ടറുകള് നിര്‍ത്തിയിടുന്നത് ബാറ്ററി പൊട്ടിത്തെറിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും അതിനാല്‍ തണലിലാവണം വാഹനം സൂക്ഷിക്കേണ്ടതെന്നും വ്യക്തമാക്കി. ഇലക്ട്രിക് സ്കൂട്ടറുകള് ഉപയോഗിക്കുന്നവര്‍ സ്വന്തം സുരക്ഷക്കൊപ്പം മറ്റുള്ളവരുടെ സുരക്ഷ കൂടി കണക്കിലെടുത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പൊലീസ് അറിയിച്ചു.