അബുദബി ഖലീഫ സിറ്റിയിൽ ബസ് ഓൺ ഡിമാൻഡ് സേവനം ആരംഭിച്ചു.
അബുദബി : ദിവസവും രാവിലെ 6 നും രാത്രി 11 നും ഇടയിൽ പ്രവർത്തിക്കുന്ന സേവനം അബുദബി ലിങ്ക് ആപ്പ് വഴി ലഭിക്കും. ലൊക്കേഷനും ലക്ഷ്യസ്ഥാനവും ആപ്പിൽ നൽകിയാൽ, ആപ്പ് സാധ്യമായ ഏറ്റവും അടുത്തുള്ള മിനിബസ് ലൊക്കേഷനിലേക്ക് അയക്കും. ഹാഫിലാത്ത് സ്മാർട്ട് കാർഡ് ഉപയോഗിച്ച് മാത്രമാണ് ബസിൽ യാത്ര ചെയ്യുവാൻ കഴിയുക, കൂടാതെ ആപ്പ് വഴി ബസ് റൂട്ടും യാത്രാ സമയവും ട്രാക്ക് ചെയ്യാനും കഴിയും. അടുത്തുള്ള ബസ് സ്റ്റേഷനിലേക്കോ ഖലീഫ സിറ്റി ഏരിയയിലെ മറ്റേതെങ്കിലും ലക്ഷ്യസ്ഥാനത്തേക്കോ യാത്ര ചെയ്യുന്നതിനാണ് ബസ് ഓൺ ഡിമാൻഡ് സേവനം ഉപയോഗിക്കാനാവുക. 2020 അവസാനത്തോടെ അൽ ഷഹാമ സിറ്റിയിലാണ് ബസ് ഓൺ ഡിമാൻഡ് സേവനങ്ങൾ ആദ്യമായി ആരംഭിച്ചത്, അതിനുശേഷം യാസ് ദ്വീപിലേക്കും സാദിയാത്ത് ദ്വീപിലേക്കും വ്യാപിപ്പിച്ചു. ഇതുവരെ, ബസ് ഓൺ ഡിമാൻഡ് സർവീസ് ഉപയോഗിച്ച് 585,000-ലധികം യാത്രകൾ നടത്തി.

അബുദബി മാരിടൈം യാസ് ബേയെ അൽ റാഹ ബീച്ചുമായി ബന്ധിപ്പിക്കുന്ന വാട്ടർ ടാക്‌സികളിൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാനും മുൻകൂട്ടി പണമടയ്ക്കാനും കഴിയുമെന്ന് അധികൃതർ അറിയിച്ചു. ഇത് സേവനം വേഗത്തിലും എളുപ്പത്തിലും ഉപയോഗിക്കുന്നതിന് സഹായിക്കും. യാസ് ഐലൻഡ് വാട്ടർ ടാക്‌സികൾ അൽ ബന്ദർ, യാസ് ബേ, യാസ് മറീന, കൂടാതെ പുതുതായി സമാരംഭിച്ച മാർസ മിന-ലൂവ്രെ അബുദബി ഇതിനിടയിലാണ് സർവീസ് നടത്തുന്നത്. അൽ ധന്നയ്ക്കും ഡൽമ ദ്വീപിനും ഇടയിലുള്ള ഫെറി ലൈനിലും ഓൺലൈൻ ബുക്കിംഗുകൾ ഉപയോഗിക്കാം.