ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി യുഎഇ യുവജനകാര്യ മന്ത്രി
അബുദാബി: യുഎഇയുടെ പുതിയ യുവജന വകുപ്പ് മന്ത്രിയെ പ്രഖ്യാപിച്ചു. ദേശീയ നായകനും ബഹിരാകാശയാത്രികനുമായ സുൽത്താൻ അൽ നെയാദിയാണ് യുഎഇയുടെ പുതിയ യുവജന വകുപ്പ് മന്ത്രി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് നടത്തിയ പ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുൽത്താൻ അൽ നെയാദി ഡോക്ടറേറ്റ് നേടിയിട്ടുണ്ട്, കൂടാതെ സൈന്യത്തിലും ബഹിരാകാശ മേഖലയിലും രാജ്യത്തെ സേവിച്ചു. ബഹിരാകാശത്ത് നടന്ന ആദ്യത്തെ അറബിയും ആറ് മാസം ബഹിരാകാശത്ത് ചെലവഴിച്ച ആദ്യത്തെ അറബിയുമെന്ന നേട്ടങ്ങളുടെ ഉടമയാണ്. യുവജനങ്ങളുടെ പ്രശ്നങ്ങൾ അറിയുന്ന വ്യക്തിയാണ്. അവരെ സേവിക്കുന്നതിലും അവരെ മുന്നോട്ട് കൊണ്ടുപോകുന്നതിലും ഏറ്റവും ശ്രദ്ധാലുവാണ്’ എന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.ബഹിരാകാശത്ത് ചരിത്രം സൃഷ്ടിച്ച് യുഎഇയുടെ സുൽത്താൻ അൽ നെയാദി ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് താമസിച്ച് ശാസ്ത്ര പരീക്ഷണങ്ങൾ നടത്തിയ, സ്പേസ് വോക്ക് നടത്തിയ ആദ്യ അറബ് സഞ്ചാരി എന്ന റെക്കോർഡിന് ഉടമയാണ്. ആറ് മാസത്തെ ബഹിരാകാശ വാസത്തിൽ ഇരുന്നൂറിൽ ഏറെ ശാസ്ത്ര പരീക്ഷണത്തിൽ പങ്കാളിയായി അൽ നെയാദി പുതിയ യുവജന വകുപ്പ് മന്ത്രിയായി വരുന്നത് ആവേശത്താടെയാണ് രാജ്യം നോക്കി കാണുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎഇയിൽ മന്ത്രിയാകുന്നതിന് താത്പര്യമുള്ള യുവതിയുവാക്കന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രംഗത്ത് വന്നത്.