കാനഡയിൽ ആറ് വർഷം, ബേസിൽ ജോസഫ് വിളിച്ചാൽ നാട്ടിലേക്ക് വരാം; ട്രെന്റിന് മറുപടിയുമായി നടൻ
സോഷ്യൽ മീഡിയയിൽ വൈറലായി ഇൻസ്റ്റഗ്രാമിലെ പുതിയ ട്രെന്റ്. ദിവസങ്ങൾക്ക് മുമ്പ്, പ്രിയപ്പെട്ട താരം കമന്റ് ചെയ്താൽ മാത്രമേ പഠിക്കുകയുള്ളൂ എന്ന വിഡിയോയുമായി കുട്ടികൾ എത്തിയിരുന്നു. തെലുങ്ക് താരം വിജയ് ദേവരകൊണ്ടയിൽ നിന്നാണ് ട്രെന്റ് ആരംഭിച്ചത്. പിന്നീട് ടൊവിനോയിലും എത്തി. ‘പോയി പഠിക്ക് മോനേ ‘എന്നായിരുന്നു നടന്റെ മറുപടി.ഇത്തവണ നടനും സംവിധായകനുമായ ബേസിൽ ജോസഫിനാണ് നറുക്ക് വീണിരിക്കുന്നത്. കാനഡയിൽ നിന്ന് നാട്ടിലേക്ക് മടങ്ങി വരണമെങ്കിൽ ബേസിൽ ജോസഫ് കമന്റ് ചെയ്യണമെന്നായിരുന്നു യുവാവ് വിഡിയോയിൽ പറഞ്ഞത്. മോട്ടി ലാൽ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്.’കാനഡയിൽ വന്നിട്ട് ആറ് വർഷമായി. ബേസിൽ ജോസഫ് ഈ വിഡിയോയിൽ കമന്റിട്ടാൽ ഞാൻ ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് ബുക്ക് ചെയ്യും. ഒരു തിരിച്ചു വിളിക്കായി ഞാന്‍ കാത്തിരിക്കുന്നു’ എന്നാണ് വിഡിയോയിൽ പറഞ്ഞത്. ഇപ്പോഴിതാ റീലിന് കമന്റുമായി ബേസിൽ എത്തിയിരിക്കുകയാണ്. ‘മകനേ മടങ്ങി വരൂ’ എന്നായിരുന്നു നടന്റെ കമന്റ്. ഇൻസ്റ്റഗ്രാം റീലിനൊപ്പം ബേസിലിന്റെ മറുപടിയും വൈറലായിട്ടുണ്ട്. ഏകദേശം ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് കമന്റിന് കിട്ടിയിരിക്കുന്നത്.