അബുദാബി സായിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീൽ ഹോൾഡിങ്‌സിനെ തിരഞ്ഞെടുത്തു
അബുദാബി: ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിലൊന്നായ സായിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി കൈകോർത്ത് അബുദാബി എയർപോർട്സ് കമ്പനിയും ബുർജീൽ ഹോൾഡിങ്‌സും. പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്യാനുള്ള ശേഷിയും ഏറ്റവും പുതിയ ബയോമെട്രിക്, സ്ക്രീനിംഗ് സാങ്കേതികവിദ്യയുമുള്ള വിമാനത്താവളത്തിൽ മുഴുവൻ സമയ ആരോഗ്യ സേവനങ്ങളിലൂടെ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രമുഖ കമ്പനികളുടെ പങ്കാളിത്തം. എയർപോർട്ടിലെ പുതിയ ടെർമിനലിൽ 24×7 ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന ക്ലിനിക്ക് ബുർജീൽ ഹോൾഡിങ്‌സിന് കീഴിലുള്ള ബുർജീൽ മെഡിക്കൽ സിറ്റി (ബിഎംസി) ഉടൻ തുറക്കും. ഇതിനായുള്ള കരാറിൽ ഇരു സ്ഥാപനങ്ങളും ഒപ്പുവച്ചു.
വിമാനത്താവളത്തിൽ നിന്ന് പുറത്തുപോകാതെ തന്നെ ആരോഗ്യപരിരക്ഷ ഉറപ്പാക്കാനും യാത്രാ തടസ്സങ്ങൾ കുറക്കാനുമാണ് ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് യാത്രക്കാരുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനുള്ള സൗജന്യ ചികിത്സ ഇവിടെ ലഭ്യമാക്കും. ആശുപത്രി പ്രവേശനം ആവശ്യമുള്ളവരെ എയർപോർട്ടിന് അടുത്തുള്ള ബിഎംസിയിലേക്ക് മാറ്റും.ബുർജീൽ ഹോൾഡിങ്‌സിലെ ആരോഗ്യരംഗത്തെ വൈദഗ്ധ്യത്തിലൂടെ സായിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തെ അത്യാധുനിക ആരോഗ്യ ശൃംഖലയുമായി ബന്ധിപ്പിക്കാനും യാത്രക്കാരുടെ അനുഭവം പുനർനിർവചിക്കാനുമാണ് ശ്രമം. സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിലെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ബുർജീൽ ഹോൾഡിംഗ്‌സുമായും ബിഎംസിയുമായും പങ്കാളികളാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അബുദാബി എയർപോർട്ട്‌സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എലീന സോർലിനി പറഞ്ഞു. വിമാനത്താളവത്തിലെത്തുന്ന യാത്രക്കാർക്ക് മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കുമെന്ന് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ വ്യക്തമാക്കി.
എലീന സോർലിനിയും , ഡോ.ഷംഷീറുമാണ് സഹകരണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ചടങ്ങിൽ ബുർജീൽ ഹോൾഡിംഗ്‌സ് സിഇഒ ജോൺ സുനിൽ, ഗ്രൂപ്പ് സിഒഒ സഫീർ അഹമ്മദ്, ബുർജീൽ ഹോൾഡിംഗ്‌സ് ഡയറക്ടർ ബോർഡ് അംഗം ഒമ്രാൻ അൽ ഖൂരി, ബുർജീൽ ഹോൾഡിംഗ്‌സ് ചീഫ് കോർപ്പറേറ്റ് ഓഫീസർ ഹമദ് അൽ ഹൊസാനി, , ബിഎംസി ഡെപ്യൂട്ടി സിഇഒ ആയിഷ അൽ മഹ്‌രി എന്നിവർ പങ്കെടുത്തു.സഹകരണത്തിന്റെ ഭാഗമായി അബുദാബി എയർപോർട്ട് സ്റ്റാഫ് അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ബുർജീലിന്റെ യുഎഇയിലെ ആശുപത്രികളിൽ മികച്ച ആരോഗ്യ സേവനങ്ങളും പരിശോധനകളും ലഭ്യമാക്കാനും ധാരണയായി