സ്കൂൾ ബസ് യാത്ര സുരക്ഷിതമാക്കാൻ : നിർദേശങ്ങളുമായി യു.എ.ഇ
യു.എ.ഇ : സ്കൂൾ ബസുകളിൽ വിദ്യാർഥികൾ കുടുങ്ങിപ്പോകുന്നത് തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ യാത്ര സുരക്ഷിതമാക്കാൻ നിർദേശങ്ങൾ ഓർമ്മിപ്പിച്ച് യു.എ.ഇ. ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും വിദ്യാർഥികളുടെ ഐ.ഡി കാർഡ് സ്കാൻ ചെയ്യുന്നതോടെ വിവരങ്ങൾ രക്ഷിതാക്കൾക്ക് അറിയാനാകും.ഈ സംവിധാനവുമായി മൊബൈൽ നമ്പർ ബന്ധിപ്പിച്ചവർക്കും അല്ലാത്തവർക്ക് സ്കൂൾ പാരന്റ്‌സ് പോർട്ടലിലൂടെയും യാത്ര നിരീക്ഷിക്കാം. നിശ്ചിതസമയം കഴിഞ്ഞും കുട്ടി ബസിൽനിന്ന് ഇറങ്ങിയില്ലെങ്കിലും നേരത്തെ ഇറങ്ങിയാലും വിവരം അറിയാനാവും. സ്‌റ്റോപ്പ് മാറി ഇറങ്ങിയാലും രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് ലഭിക്കും. അബുദാബിയിൽ സ്കൂൾ ബസ് യാത്ര നിരീക്ഷിക്കാൻ പുറത്തിറക്കിയ സലാമ ആപ്പിൽ 672 സർക്കാർ, സ്വകാര്യ സ്കൂളുകളെയും ചില നഴ്‌സറികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രാ ഗതാഗത വിഭാഗവും നിരീക്ഷിക്കും.സ്കൂളിലും വീട്ടിലും കുട്ടി എത്തുന്ന സമയം സലാമ ആപ്പ് രക്ഷിതാക്കളെയും സ്കൂളിലെ ഉദ്യോഗസ്ഥരെയും സ്വമേധയാ അറിയിക്കും. ഗതാഗതകുരുക്കിൽ പെട്ട് ബസ് എത്താൻവൈകിയാലും ആ വിവരവും അറിയിക്കും. മൊബൈൽ ഫോണുകൾ ആപ്പ് വഴി ബന്ധിപ്പിച്ചാണ് വിവരകൈമാറ്റം. ജീവനക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ചും ടോൾ ഫ്രീ നമ്പറിലൂടെ (800850) അറിയാനാവും. ഷാർജയിലും സ്വകാര്യ വിദ്യാഭ്യാസ വിഭാഗം പുറത്തിറക്കിയ യുവർ ചിൽഡ്രൻ ആർ സെയ്ഫ് ആപ്പിൽ 122 സ്വകാര്യ സ്കൂളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടികൾ സ്കൂൾ ബസിൽ കയറുന്നതോടെ സ്വമേധയാ മുഖം സ്കാൻ ചെയ്യുന്ന നിർമിതബുദ്ധിയിലുള്ള സ്മാർട്ട് സംവിധാനം കൊണ്ടുവരാനും പദ്ധതിയിടുന്നുണ്ട്. ട്രാക്കിങ് സംവിധാനം ഇല്ലാത്ത ബസ്, സ്വകാര്യ വാഹനങ്ങൾ എന്നിവയിൽ കുട്ടികളെ മറക്കുന്ന സംഭവം ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഇവഓർമ്മിപ്പിക്കുന്നത്. ഷാർജയിൽ സ്‌കൂൾ ബസിൽ ഉറങ്ങിപ്പോയ കുട്ടി രക്ഷപ്പെട്ടതായി കഴിഞ്ഞദിവസം ഒരു രക്ഷിതാവ് വെളിപ്പെടുത്തിയിരുന്നു.