ചെറുകിട ജലവൈദ്യുത പദ്ധതികൾ ചെലവ് കുറയ്ക്കാൻ വഴിതേടി കെഎസ്ഇബി.
തിരുവനന്തപുരം: ചെറുകിട ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാൻ ചെലവു കുറഞ്ഞ വഴി തേടി കെഎസ്ഇബി. കഴിഞ്ഞ 2 മാസം വൈദ്യുതി ഉപയോഗം വർധിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങേണ്ടി വന്നതിനെത്തുടർന്നാണിത്. ഭൂമി ഏറ്റെടുക്കലിന്റെ വിവിധ ഘട്ടങ്ങളിലുള്ള 9 ചെറുകിട ജലവൈദ്യുത പദ്ധതികൾ, ആലോചനാ ഘട്ടത്തിലുള്ള 9 പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ ഉൾപ്പെടെയുള്ളവ കുറഞ്ഞ ചെലവിൽ യാഥാർഥ്യമാക്കാൻ ഒരു മാസത്തിനുള്ളിൽ മാർഗരേഖ സമർപ്പിക്കാൻ 10 അംഗ സമിതിയെ നിയോഗിച്ചു.
5 മെഗാവാട്ട് വരെയുള്ള ചെറുകിട ജലവൈദ്യുത പദ്ധതികൾക്ക് ഒരു മെഗാവാട്ടിന് പരമാവധി 7.8 കോടിയും 5 മെഗാവാട്ടിനു മുകളിലുള്ളവയ്ക്ക് 9 കോടി രൂപയുമാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചിട്ടുള്ള നിർമാണ ചെലവ്. എന്നാൽ, കെഎസ്ഇബി നടപ്പാക്കാനൊരുങ്ങുന്ന പദ്ധതികളുടെ എസ്റ്റിമേറ്റ് മെഗാവാട്ടിന് 12–19 കോടി രൂപയാണ്. കുറഞ്ഞ ചെലവിൽ ചെറുകിട ജല വൈദ്യുത പദ്ധതികൾ നടപ്പാക്കുന്നതിനെക്കുറിച്ചു പഠിക്കാൻ കഴിഞ്ഞ വർഷം കെഎസ്ഇബിയുടെ സിവിൽ, ഇലക്ട്രിക്കൽ എൻജിനീയറെ ഐഐടി റൂർക്കിയിൽ അയച്ചിരുന്നു. ഇതിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവർ ഉൾപ്പെടുന്ന സമിതി തയാറാക്കുന്ന റിപ്പോർട്ട് ഐഐടി റൂർക്കി, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് തുടങ്ങിയ സ്ഥാപനങ്ങൾക്കു നൽകി കുറ്റമറ്റതാക്കിയ ശേഷം നടപ്പാക്കും.