അക്കാഫ് ഇവെന്റ്സ് – ആസ്റ്റർ – സൽസാർ സംയുക്ത മൊബൈൽ ക്ലിനിക്കിന്റെ രണ്ടാം വാർഷികം ആഘോഷിച്ചു.
ദുബായ് : അക്കാഫ് ഇവന്റസിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി കേരളത്തിൽ കാസർഗോഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന മൊബൈൽ ക്ലിനിക്കിന്റെ വിജയകരമായുള്ള പ്രവർത്തനങ്ങളുടെ രണ്ടാം വാർഷികം സമുചിതമായി ആഘോഷിച്ചു. അക്കാഫിന്റെ നിരന്തരമായ പരിശ്രമങ്ങളുടെ പ്രതിഫലനമാണ് അക്കാഫ് കേരളത്തിലെ ജനങ്ങൾക്കായി നൽകിയ മൊബൈൽ ക്ലിനിക്കെന്നും അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാവരെയും ഹൃദ്യമായി അഭിനന്ദിക്കുന്നുവെന്നും അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ് പറഞ്ഞു. നന്മയും കരുണയും കൈമുതലായ അക്കാഫ് പ്രവർത്തകരുടെ പ്രവർത്തനവിജയം കുറിക്കുന്ന മഹത്തായ മുഹൂർത്തമാണ് അക്കാഫ് മൊബൈൽ ക്ലിനിക്കിന്റെ രണ്ടാം വാർഷികാഘോഷങ്ങളോടൊപ്പം സംഭവിക്കുന്നതെന്നും കേരളത്തിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് ക്യാമ്പ് വ്യാപിപ്പിക്കാനുള്ള അതീവ പരിശ്രമത്തിലാണ് പ്രവർത്തകരെന്നും അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ പറഞ്ഞു.കാൻസർ പ്രതിരോധം, ഹൃദയ സംബന്ധമായ അസുഖങ്ങളുടെ പ്രതിരോധം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത അഞ്ഞൂറിലധികം ക്യാമ്പുകളാണ് രോഗാവസ്ഥകളും ചികിത്സയും ഉൾപ്പെടെ ഇതുവരെ സംഘടിപ്പിച്ചത്. ഓരോ ക്യാമ്പുകളിലും രക്ത പരിശോധന, അവശ്യ മരുന്നുകളുടെ വിതരണം തുടങ്ങിയ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഓരോ ക്യാമ്പുകളിലും ഇരുപത്തയ്യായിരത്തിലധികം രൂപയുടെ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു. ക്യാമ്പുകളുടെ കഴിഞ്ഞ കാല പ്രവർത്തനരീതികളെപ്പറ്റിയും ഭാവി പ്രവർത്തനങ്ങളെ കുറിച്ചും മൊബൈൽ ക്ലിനിക് ചീഫ് കോഓർഡിനേറ്റർ രഞ്ജിത് കോടോത്ത് , മൊബൈൽ ക്ലിനിക് കോർഡിനേറ്റര്മാരായ നിഷാന്ത് ഗോപാലും, ശ്രീജ ബാലകൃഷ്ണനും, മനു ഒ . എം എന്നിവർ വിവരിച്ചു. അക്കാഫ് വൈസ് ചെയർമാൻ അഡ്വ ബക്കറലി, അക്കാഫ് വൈസ് പ്രസിഡന്റ് അഡ്വ ഹാഷിക് തൈക്കണ്ടി, അക്കാഫ് ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ, ട്രെഷറർ ജൂഡിൻ ഫെർണാണ്ടസ്, സെക്രട്ടറി മനോജ് കെ വി, അക്കാഫ് വനിതാ വിഭാഗം ചെയർ പേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, സെക്രട്ടറി രശ്മി തുടങ്ങി നിരവധി അക്കാഫ് പ്രവർത്തകർ സന്നിഹിതരായിരുന്നു.