മതേതര സിവിൽ കോഡ് വേണമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി; 2047ല്‍ ‘വികസിത ഭാരത’ ലക്ഷ്യത്തിലെത്തും
ദില്ലി: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘രാജ്യം ഒന്നാമത്’ അതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ മുദ്രാവാക്യം. സർക്കാർ കൊണ്ടുവന്ന പരിഷ്ക്കാരങ്ങൾ രാജ്യത്തിന്‍റെ വളർച്ചയുടെ ബ്ലൂ പ്രിന്‍റാണ്. അത് പബ്ലിസിറ്റിക്കായല്ല. കഴിഞ്ഞ പത്ത് വർഷത്തെ വളർച്ച യുവാക്കളിൽ വലിയ പ്രതീക്ഷ നൽകിയിരിക്കുന്നതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ലോകം ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുകയാണ്. ഭാരതത്തെ മൂന്നാമത്തെ സമ്പദ് ശക്തിയാക്കണം. നിയമ രംഗത്ത് കൂടുതൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരണം. ആ ലക്ഷ്യത്തിലേക്ക് വൈകാതെയെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടര കോടി വീടുകളിലേക്ക് കൂടി വൈദ്യുതിയെത്തിക്കാന്‍ സര്‍ക്കാരിനായി. ജലജീവൻ മിഷനിൽ 15 കോടി ഉപഭോക്കാക്കളെ കൊണ്ടുവന്നു. സ്വച്ഛ് ഭാരത് പദ്ധതിയും വിജയം കൈവരിച്ചു. കാലാവസ്ഥ വ്യതിയാനത്തിനെതിരെ സുശക്തമായ ഇടപെടലുകൾ ഉണ്ടായി. സൈന്യത്തിന്‍റെ പോരാട്ടം യുവാക്കൾക്ക് പ്രചോദനമായി. ഉൽപാദന മേഖലയുടെ ഹബ്ബായി ഇന്ത്യ മാറി. ദ്രുതവളർച്ചയാണ് യുവാക്കൾ ആഗ്രഹിക്കുന്നത്. സ്വയം സഹായ സംഘങ്ങളിലൂടെ ഒരു കോടി സ്ത്രീകൾ ലക്ഷാധിപതികളായി. പത്ത് കോടിയിലധികം വനിതകൾ ഇന്ന് സ്വയം പര്യാപ്തരാണ്. ആവശ്യമുള്ളവന്‍റെ വാതിൽക്കൽ ഇന്ന് സർക്കാരുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബഹിരാകാശ രംഗത്ത് സർക്കാർ വലിയ ശക്തിയായി മാറി. ആ മേഖലയിൽ കൂടുതൽ സ്റ്റാർട്ടപ്പുകൾ വരികയാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടു. ചെറിയ, ചെറിയ കാര്യങ്ങൾക്ക് ജയിലിലിടുന്ന നിയമങ്ങൾ കാറ്റിൽ പറത്തി. പുതിയ ക്രിമിനൽ നിയമങ്ങൾ നിയമ വ്യവസ്ഥയുടെ അന്തസുയർത്തി. വേഗത്തിൽ നീതി നൽകാൻ കഴിയുന്നു. മധ്യ വർഗത്തിന് ഗുണമേന്മയുള്ള ജീവിതം ഉറപ്പ് നൽകാൻ സർക്കാരിനായി. എല്ലാവരെയും ഒപ്പം ചേർത്തുള്ള വികസിത ഭാരതമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മോദി കൂട്ടിച്ചേര്‍ത്തു.